മാതിരപ്പിള്ളി – പല്ലാരിമംഗലം സ്‌കൂളുകളുടെ പുതിയ സ്‌കൂള്‍ മന്ദിരങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടി നാടിന് സമര്‍പ്പിക്കും : ആന്റണി ജോണ്‍ എം എല്‍ എ.

-

കോതമംഗലം >>കോതമംഗലം മണ്ഡലത്തിലെ മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേയും,പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേയും പുതിയ സ്‌കൂള്‍ മന്ദിരങ്ങള്‍ 2022 ജനുവരി 24 തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നാടിന് സമര്‍പ്പിക്കുമെന്ന് ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.പല്ലാരിമംഗലം സ്‌കൂളില്‍ 3 കോടി രൂപയുടേയും,മാതിരപ്പിള്ളി സ്‌കൂളില്‍ 1 കോടി 50 ലക്ഷം രൂപയുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്.ഒന്നാം പിണറായി സര്‍ക്കാരാണ് രണ്ട് സ്‌കൂളിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക അനുവദിച്ചത്.1932 ല്‍ സ്വകാര്യ വിദ്യാലയമായി ആരംഭിച്ച പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍സ്‌കൂള്‍ 1948 ലാണ് സര്‍ക്കാരിലേക്ക് കൈമാറിയത്.ഏകദേശം 90 വര്‍ഷം പഴക്കമുള്ള സ്‌കൂളില്‍ 1000 ല്‍ അധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവിടെ 3 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. ഇവിടെ ആദ്യ ഘട്ടത്തില്‍ 6 ക്ലാസ് മുറികള്‍ അടങ്ങിയ പുതിയ ബ്ലോക്കും ആധുനിക സൗകര്യത്തോട് കൂടിയുള്ള ഡിജിറ്റല്‍ ലൈബ്രറിയും,ആധുനിക ലാബും പൂര്‍ത്തീകരിച്ചു.രണ്ടാം ഘട്ടത്തില്‍ 3 നിലകളിലായി 9 ക്ലാസ്സ് മുറികളും ഓഫീസ് സമുച്ചയവും,ടോയ്‌ലറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന ബ്ലോക്കിന്റെ നിര്‍മ്മാണവുമാണ് പൂര്‍ത്തീകരിച്ചത്.

1912 ല്‍ ആരംഭിച്ച മാതിരപ്പിള്ളി ഗവ. സ്‌കൂളില്‍ 1984 ല്‍ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.ഇവിടെ ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്ററി വിഭാഗത്തിലായി 500 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളുകളില്‍ ഒന്നായ മാതിരപ്പിള്ളി സ്‌കൂളില്‍ 1 കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്.ഇതിന്റെ ഭാഗമായി മൂന്ന് നിലകളിലായി പുതുതായി 6 ക്ലാസ്സ് റൂമുകള്‍,മൂന്ന് ലാബുകള്‍,പുതിയ ഓഫീസ് – സ്റ്റാഫ് റൂമുകള്‍ അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.കോതമംഗലം നിയോജക മണ്ഡലത്തിലെ ഈ രണ്ട് പൊതു വിദ്യാലയങ്ങളുടേയും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സാധ്യമായിട്ടുള്ളതെന്നും എം എല്‍ എ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →