പൊലീസ് സുരക്ഷ വേണമെന്ന് ആള്‍ദൈവം അന്നപൂര്‍ണി; അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുവതി

-

ചെന്നൈ>> സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം. തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് അന്നപൂര്‍ണി അരസു പറയുന്നത്.

തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്നപൂര്‍ണി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചെന്നൈ പൊലീസിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.

പിന്നാലെയാണ് അന്നപൂര്‍ണി തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കിയത്. പലരും തന്നെ വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. തന്റെയും തന്റെ അനുയായികളുടെയും ജീവന് ഭിഷണിയുണ്ട്. വേണ്ട നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 6 വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തുകയാണ്. ചില യൂട്യൂബ് ചാനലുകള്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നത്. ഇനിയും തന്റെ ആത്മീയ ജോലി തുടരുമെന്നും അന്നപൂര്‍ണി പറഞ്ഞു.

41 കാരിയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണ് അനുയായിലള്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അപമാനിക്കുകയാണെന്ന് വ്യക്തമാക്കി ചില ഹിന്ദു സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചെങ്കല്‍പ്പെട്ടില്‍ ഡിസംബര്‍ 12ന് നടത്തിയ പരിപാടിയുടെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. അന്നപൂര്‍ണി ആത്മീയ ഗുരു ആകുന്നതിന് മുന്‍പ് ഒരു ടിവി റിയാലിറ്റി ഷോയില്‍ ഇവര്‍ പങ്കെടുത്ത വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെടുകയായിരുന്നു. പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങി. അതേ സമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →