കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ലാലന്റെ വ്യാജ വാദങ്ങളെ പൊളിച്ച് കേരള പോലീസ്.

തിരുവനന്തപുരം>>തിരുവനന്തപുരം പേട്ടയില്‍ മകളുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൈമണ്‍ ലാലന്റെ വ്യാജ വാദങ്ങളെ പൊളിച്ച് കേരള പോലീസ്.

മകളുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം സൈമണ്‍ ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി താന്‍ തയ്യാറാക്കിയ തിരക്കഥ പറഞ്ഞെങ്കിലും അധികനേരം കള്ളം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രധാന സാക്ഷികളായ ലാലന്റെ മകളും ഭാര്യയും കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു കേസിനെ വഴി തിരിച്ച് വിടാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ പരമാവധി സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ ആയിരുന്നു പോലീസ് തീരുമാനമെടുത്തിരുന്നു. പേട്ട സിഐ റിയാസ് രാജയുടെ നേതൃത്വത്തില്‍ സൈമണ്‍ ലാലന്റെ വീട്ടില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി പോലീസ് നേരത്തെ തന്നെ സജ്ജമായി.

താന്‍ മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ രാത്രി ഒരുമണിയോടെ മകളുടെ മുറിയിലെ ശബ്ദം കേട്ട് ഉണരുകയായിരുന്നു എന്നും കള്ളന്‍ ആയിരുന്നു എന്ന് കരുതി കുത്തിയതാണെന്നും ആയിരുന്നു ലാലന്‍ ആദ്യം പൊലീസിന് കൊടുത്ത മൊഴി. എന്നാല്‍ ലാലന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ അന്നത്തെ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി പൊലീസ് പുനഃ സൃഷ്ടിച്ചു. ലാലന്റെ മുറിയില്‍ ഒരു പൊലീസുകാരന്‍ കിടക്കുകയും മുറിയില്‍ പാത്രം കൊട്ടിയും കുപ്പി തറയിലിട്ടും ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ലാലന്റെ മുറിയില്‍ കിടന്ന പൊലീസുകാരന് ആ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ ലാലന്‍ പറഞ്ഞത് കള്ളം ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു.

എന്നാല്‍ ആ വീടിന്റെ ഹാളിലോ മറ്റ് ഭാഗങ്ങളിലോ നിന്നാല്‍ മകളുടെ മുറിയിലെ ശബ്ദങ്ങള്‍ വളരെ വ്യക്തമായി കേള്‍ക്കാം. അതോടെ രാത്രി വൈകിയും ഹാളിലോ വീടിന്റെ മറ്റ് ഭാഗങ്ങളിലോ ലാലന്‍ കാത്തിരിക്കുകയായിരുന്നു എന്ന കാര്യവും വ്യക്തമാകുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളുമായി അനീഷ് ജോര്‍ജ്ജിനുള്ള അടുപ്പവും അനീഷ് രാത്രിയില്‍ സ്ഥിരമായി വീട്ടിലെത്താറുള്ളതും ലാലന് അറിയാമായിരുന്നു. ഇതേചൊല്ലി വീട്ടില്‍ വഴക്കും പതിവായിരുന്നു.

സംഭവ ദിവസം വെളുപ്പിന് നാല് മണിയോടെ മകളുടെ റൂമില്‍ നിന്നും സംസാരം കേട്ടാണ് താനും ഭര്‍ത്താവും ഉണര്‍ന്നതെന്നും ഭാര്യ പൊലീസിന് മൊഴി നല്‍കി. കത്തിയുമെടുത്താണ് ലാലന്‍ മകളുടെ മുറിയുടെ മുന്നിലെത്തിയത്. താന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് കേട്ടില്ലെന്നും ഭാര്യയുടെ മൊഴിയില്‍ പറയുന്നു.

ഇനി ഇങ്ങനെയുണ്ടാകാതെ താന്‍ ശ്രദ്ധിച്ചോളാമെന്ന് ലാലനോട് ആവര്‍ത്തിച്ച് പറഞ്ഞെന്നും ലാലന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. അനീഷിനെ ലാലന്റെ കത്തിമുനയില്‍ നിന്നും രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ തന്റെ പ്രതിരോധത്തെ മറികടന്ന് ചെറുപ്പക്കാരനെ കുത്തുകയായിരുന്നു എന്നുമാണ് ലാലന്റെ ഭാര്യ പൊലീസിനോട് വെളിപ്പെടുത്തിയത്.

അനീഷിനോട് അച്ഛന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും കൊല്ലാനുറച്ച് കത്തിയുമായി തന്റെ റൂമിന് മുന്നില്‍ വരികയായിരുന്നെന്നും മകള്‍ മൊഴി നല്‍കി. കതക് തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. അനീഷിനെ ഒന്നും ചെയ്യരുതെന്ന് തങ്ങള്‍ കരഞ്ഞ് പറഞ്ഞിട്ടും പിതാവ് ചെവിക്കൊണ്ടില്ലെന്നും കൊല്ലുമെന്ന് ആക്രോശിച്ച് കുത്തിയെന്നുമാണ് മകള്‍ മൊഴി നല്‍കിയത്.

അനീഷ് മകളുടെ മുറിയില്‍ കയറിയെന്ന് ഉറപ്പാക്കിയ ലാലന്‍ വാതില്‍ക്കലെത്തി അവന്‍ അകത്ത് തന്നെയുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പാക്കിയ ശേഷമാണ് വാതിലില്‍ തട്ടിവിളിച്ചത്. അതിന് ശേഷമാണ് അകത്ത് കയറി നെഞ്ചില്‍ കുത്തുന്നത്. മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങി ഓടിയ അനീഷ് പിന്‍വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. അടുക്കളയില്‍ നിന്നും പുറത്തേയ്ക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്‌ബോള്‍ ലാലന്‍ അനീഷിന്റെ മുതുകത്തും കുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലാലന്റെ വീട്ടില്‍ നിന്നും പന്ത്രണ്ടോളം കത്തികള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതില്‍ പല കത്തികളുടെയും പിടി ഊരിയതും മുന ഒടിഞ്ഞതുമൊക്കെയാണ്. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും നല്ല കത്തി കൊണ്ടാണ് ലാലന്‍ അനീഷിനെ കുത്തിയിരിക്കുന്നത്. സാധാരണ കറിക്കത്തി കൊണ്ട് കുത്തിയാല്‍ മരണം സംഭവിക്കണമെന്നില്ല. ഇവിടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ കത്തി കൊണ്ട് നെഞ്ചിന്റെ കൃത്യം മധ്യത്തില്‍ കുത്തിയതുകൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആകസ്മികമായി ഉണ്ടായ കൊലപാതകമെന്ന് കരുതാനാകില്ലെന്ന് പൊലീസ് പറയുന്നു.

അനീഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊന്നതാണെന്ന വാദവും പൊലീസ് തള്ളികളയുന്നു. ക്രിസ്തുമസിനും ന്യൂയറിനുമിടയില്‍ അനീഷ് വീട്ടില്‍ വരുമെന്ന് ലാലന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് ദിവസം മുതല്‍ ലാലന്‍ അനീഷിനെ കാത്തിരിക്കുകയായിരുന്നെന്നാണ് പൊലീസ് കണക്കുകൂട്ടി. മകളെ കാണാനായി രാത്രി പത്തൊന്‍പതുകാരന്‍ വീട്ടിലെത്തുന്നത് സൈമണ്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഇതോടെ കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്ു് തന്നെ ഇയാള്‍ മാനസികമായി തയ്യാറെടുത്തിരുന്നു. കത്തിയും വാങ്ങി സൂക്ഷിച്ചിരുന്നു.

മാത്രമല്ല, അനീഷിന്റെ മണം പിടിച്ചുപോയ പൊലീസ് നായ പുറകുവശത്തെ മതില്‍ വഴിയാണ് പുറത്തേയ്ക്ക് പോയത്. ഇതും അനീഷിനെ ലാലന്‍ വിളിച്ചുവരുത്തിയതല്ലെന്ന കണ്ടെത്തലിന് കാരണമായി. മരണപ്പെട്ട അനീഷ് മുമ്പുംസുഹൃത്തായ പെണ്‍കുട്ടിയെ കാണാന്‍ ഈ വീട്ടില്‍ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഈ വിവരം സൈമണ്‍ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സൈമണിനോട് മുറിയില്‍ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമണ്‍ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. അനീഷിന്റെ നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അനീഷിനെ ഉപദ്രവിക്കരുതെന്ന ഭാര്യയുടെയും മകളുടെയും അപേക്ഷ ചെവിക്കൊള്ളാതെ ലാലന്‍ അനീഷിനെ കുത്തുകയായിരുന്നു. ലാലന്റെ വീടിന് സമീപത്ത് തന്നെ സഹോദരങ്ങളും താമസിച്ചിരുന്നെങ്കിലും നാണക്കേട് ഭയന്ന് അവരെയാരെയും അറിയിക്കാതെ അനീഷിന്റെ വീട്ടിലേയ്ക്ക് ലാലന്റെ ഭാര്യ വിളിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ലാലന്റെയും ഭാര്യയുടേയും മകളുടേയും അനീഷിന്റെയും വിരലടയാളങ്ങള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് ലാലു ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ അത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സൈമണ്‍ കുറ്റസമ്മതം നടത്തിയത്. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ സംശയിച്ചിരുന്നു.

അനീഷും ലാലനും അടുത്തടുത്ത് താമസിക്കുന്നവരാണ്. എന്നാല്‍ മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →