അനന്യയുടെ പങ്കാളിയുടെ മരണം: പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

രാജി ഇ ആർ -

വൈറ്റില>>>ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു.

അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനന്യ നല്‍കിയ പരാതിയും ഇരുവരുടെയും മരണവും പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കഴുത്തില്‍ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകള്‍ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വര്‍ഷം മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു.

രക്തസ്രാവമടക്കം വലിയതോതില്‍ ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയാ പിഴവ് സ്ഥിരീകരിക്കുന്നതിന് ചികില്‍സാ രേഖകള്‍ കൂടി പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു.

അതെ സമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അനന്യയുടെ മൃതദേഹം പെരുമണ്‍ മുണ്ടക്കല്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ സംസ്‌കരിച്ചു.