ആമിന വധ കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കണം; വീടുകളില്‍ പകല്‍ മെഴുകുതിരി കത്തിച്ച് യു. ഡി. എഫ് പ്രതിഷേധം

സ്വന്തം ലേഖകൻ -


കോതമംഗലം >>> പിണ്ടിമന പഞ്ചായത്ത് പത്താം വാര്‍ഡ് അയിരൂര്‍പ്പാടത്ത് പട്ടാപ്പകല്‍ പുല്ലരിയാന്‍ പോയ ആമിന എന്ന വീട്ടമ്മ കൊല ചെയ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം പാതിവഴിയില്‍. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് അയിരൂര്‍പാടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ പകല്‍ മെഴുകുതിരി കത്തിച്ചു പ്രതിക്ഷേധിച്ചു.

കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് അയിരൂര്‍പാടം പാണ്ട്യാര്‍പ്പിള്ളില്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ആമിന (66) വീടിനടുത്തുള്ള പാടത്ത് പുല്ല് മുറിക്കാന്‍ പോയപ്പോള്‍ ദാരുണമായി പട്ടാപകല്‍ കൊല്ലപ്പെട്ടത് .ആമിനയുടെ മൃതദേഹം സമീപത്തെ നീരൊഴുക്കു കുറഞ്ഞ തോട്ടില്‍ കണ്ടെത്തുകയായിരുന്നു.

ആലുവ റൂറല്‍ എസ്പിയും പിന്നീട് മധ്യമേഖല ഡി ഐ ജി യും സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി നിര്‍ദ്ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല.ഇതു പോലെ കോതമംഗലത്ത് ഇനിയും തെളിയാതെ രണ്ട് പട്ടാപ്പകല്‍ കൊലപാതകങ്ങള്‍ നടന്നിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. ഈ സംഭവങ്ങളെല്ലാം ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് . ആമിന ഉള്‍പ്പെടെ കൊല്ലപ്പെട്ടത് വിവിധ പ്രദേശങ്ങളിലെ മൂന്ന് വീട്ടമ്മമാരാണ്. ലോക്കല്‍ പോലീസ് അന്വേഷണം മുറപോലെ നടന്നെങ്കിലും കേസ് ഇതുവരെ തെളിയിക്കാനായിട്ടില്ല.

നാടിനെ നടുക്കിയ ആദ്യ കൊലപാതകം അംഗന്‍വാടി അധ്യാപിക ചെറുവട്ടൂര്‍ നിനിയും, രണ്ടാമത് മാതിരപ്പിള്ളിയില്‍ ഷോജിയും മൂന്നാമത്തേത് അയിരൂര്‍പാടം ആമിനയും ആണ്. ഇതെല്ലാം പട്ടാപ്പകല്‍ നടന്നതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്.ഇതില്‍ ആദ്യത്തെ രണ്ട് കേസുകള്‍ ക്രൈംബ്രാഞ്ചിനു വിട്ടിട്ടും ഫലം കണ്ടില്ല. ആമിനക്കേസും ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാനുള്ള ഒരുക്കത്തിലാണു ലോക്കല്‍ പൊലീസ്.

ആമിനയുടെ ദേഹത്തെ പത്ത് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതും ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 25 അംഗ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയെങ്കിലും നാല് മാസമാകുമ്പോഴും പ്രതിയെക്കുറിച്ചു സൂചന പോലുമില്ല.

സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലാതെ അന്വേഷണം വഴിമുട്ടി.ഇനിയും ഒരു ആമിന ഇവിടെ കൊല്ലപ്പെട്ടുകൂടാ എന്ന് പറഞ്ഞുകൊണ്ടാണ് യു. ഡി. എഫിന്റെ നേതൃതത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടന്നത്. പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് നിരവധി കുടുബങ്ങളാണ് പങ്കെടുത്തത് .

യു ഡി എഫ് പിണ്ടിമന മണ്ഡലം ചെയര്‍മാന്‍ നോബിള്‍ ജോസഫ് സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു .എഴുത്തുകാരനും, കോണ്‍ഗ്രസ് നേതാവുമായ സീതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോസ് കൈതക്കല്‍, എം എം മുത്തുകുഞ്ഞു മാസ്റ്റര്‍, സി. എ. മൈതീന്‍ കുഞ്ഞ്, യൂസഫ് എന്‍ എം, യഹ് യ മണിയാട്ടുകുടി, റൈഹാന്‍ മൈതീന്‍ എന്നിവര്‍ പ്രതിക്ഷേധ സമരത്തിന് നേതൃത്വം കൊടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →