Type to search

ആറ് മാസം മുന്‍പ് കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടത് അടഞ്ഞുകിടന്ന വീട്ടില്‍

Latest News Local News News

തൃശൂര്‍>>>ആറ് മാസം മുന്‍പ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ലൈബ്രേറിയന്‍ ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ അമലിന്റെ മൃതദേഹമാണ് അടഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ കണ്ടെത്തിയത്.
അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോയ അമലിനെ അവിടെനിന്നുമാണ് കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായത്. തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അമലിന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള ഈ വീട്ടില്‍ ആറ് മാസത്തിലേറെയായി ആരും കയറിയിട്ടില്ല. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.

ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹം അമലിന്റേത് തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു. എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും മൃതദേഹത്തിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയ നിലയിലായിരുന്നു. ചുമരില്‍ ഫോണ്‍ നമ്ബറും വിലാസവും എഴുതിയിട്ടുണ്ട്. ഇത് അമലാണ് എഴുതിയതെന്ന് ബന്ധു തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 18ന് എടിഎം കാര്‍ഡിനു തകരാര്‍ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അതു പരിഹരിക്കാന്‍ അമ്മ അമലിനെ കൂടെ കൂട്ടുകയായിരുന്നു. ഇരുവരുടെയും അക്കൗണ്ടുകള്‍ രണ്ടു ബാങ്കുകളിലായിരുന്നു.സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.