തൃശൂര്‍>>> വാടാനപ്പള്ളി ചേറ്റുവയില്‍ അടഞ്ഞുകിടന്ന വീട്ടിനുളളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അമല്‍ കൃഷ്ണയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. മൃതദേഹം കിടന്നതിന് സമീപം ബ്ലൂടൂത്ത് ഹെഡ്ഫോണ് കണ്ടെത്തിതാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചത്.
ബ്ലൂടൂത്ത് ഹെഡ്ഫോണ് അമല്‍ കൃഷ്ണയുടേതല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ നിന്ന് പോയശേഷം ഹെഡ്ഫോണ് വാങ്ങിയിരിക്കാം എന്ന ന്യായത്തെയും അവര്‍ തള്ളുന്നു. കാരണം കാണാതായ ദിവസം അമല്‍ കൃഷ്ണയുടെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ല എന്നാണവര്‍ പറയുന്നത്.
ബന്ധുക്കളുടെ വാദം ശരിയാണെങ്കില്‍ മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ അമലിന്റേതല്ലാത്ത ഏക വസ്തു ബ്ലൂടൂത്ത് ഹെഡ്ഫോണ് ആണ്. മൃതദേഹത്തില്‍ നിന്ന് അല്പം ദൂരെയായാണ് ഇത് കണ്ടെത്തിയത് എന്നതിനാല്‍ ഹെഡ്ഫോണ് മറ്റാരില്‍ നിന്നെങ്കിലും വീണുപോയതായിരിക്കാം എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇതിലെ ദുരൂഹത നീക്കാനുളള ശ്രമത്തിലാണ് പൊലീസ്. ഇത് എങ്ങനെ മൃതദേഹത്തിന് സമീപത്തെത്തി, ഏത് ഫോണുമായാണ് കണക്ട് ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അതിനിടെ അമലിന്റെ മൃതദേഹം കണ്ടെത്തിയ വീട്ടിന്റെ മുന്‍വാതില്‍ മാത്രമാണ് അടഞ്ഞുകിടന്നിരുന്നതെന്ന് വ്യക്തമായി. പിന്‍വാതില്‍ തുറന്നിട്ട നിലിയിലായിരുന്നു. ഇതുവഴി മറ്റാരെങ്കിലും ഉളളില്‍ കടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശാസ്ത്രീയ പരിശോധനയിലൂടെയേ ഇത് സാധിക്കൂ.അമലിന്റേത് ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തില്‍ കയര്‍ മുറുകിയതിന്റെയും പ്രാണികള്‍ കടിച്ച പാടുകളും മാത്രമാേ മൃതദേഹത്തിലുള്ളു. ബന്ധുക്കള്‍ക്ക് സംശയമോ പരാതിയോ ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് റൂറല്‍ പൊലീസ് മേധാവി വ്യക്തമാക്കി.
ആറുമാസം മുമ്പ് അമ്മയ്ക്കൊപ്പം ബാങ്കിലേക്ക് പോയപ്പോഴാണ് ചേറ്റുവ ചാണാശ്ശേരി സനോജ് – ശില്‍പ്പ ദമ്ബതികളുടെ മൂത്തമകന് അമല്‍ കൃഷ്ണയെ കാണാതാവുന്നത്. കഴിഞ്ഞദിവസം തൃശൂര്‍ വാടാനപ്പളളിയില്‍ പ്രവാസിയുടെ പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീട്ടിലാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്നു വസ്ത്രങ്ങള്‍, കൈവശമുണ്ടായിരുന്ന ഫോണ്‍, സിംകാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ മൃതദേഹത്തിന് നിന്ന് കണ്ടെടുത്തിരുന്നു. വീട്ടുകാരെത്തി ഇവ തിരിച്ചറിഞ്ഞിരുന്നു.
Follow us on