ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷത്തില്‍ ദിലീപ്; ഫോട്ടോയില്‍ ജെബി മേത്തറും; മഹിളാ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങള്‍

-

ആലുവ>>ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ ദിലീപിനെ ക്ഷണിക്കുകയും നഗരസഭയുടെ ഓദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ചതിലും മഹിളാ കോണ്‍ഗ്രസിനെ അടക്കം വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങള്‍.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാവുകയും കേസില്‍ വീണ്ടും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തില്‍ പേര് വന്ന ശേഷം നടന്‍ ദിലീപ് ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പൊതു പരിപാടിയാണ് നഗരസഭയുടെ ലോഗോ പ്രകാശനം. ആലുവ നഗരസഭയുടെ ക്ഷണപ്രകാരമായിരുന്നു ദിലീപ് പരിപാടിക്കെത്തിയത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭകളില്‍ ഒന്നാണ് ആലുവ നഗരസഭ. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ജെബി മേത്തറാണ് നിലവില്‍ ആലുവ നഗരസഭയുടെ വൈസ് പ്രസിഡന്റ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഒരാളെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ, സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമത്തോട് കോണ്‍ഗ്രസ് നിലപാട് എന്തെന്നും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് എന്തെന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രതികരിക്കുന്നത്.

നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നുമായിരുന്നു ചടങ്ങില്‍ ദിലീപ് പറഞ്ഞത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →