പരാതിക്കാരിയുടെ അച്ഛന്‍ എന്റെ പാര്‍ട്ടിക്കാരനാണ്, കാര്യം അന്വേഷിക്കാനാണ് വിളിച്ചത്; വിവാദ ശബ്ദരേഖയില്‍ പ്രതികരണവുമായി എ കെ ശശീന്ദ്രന്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>വിവാദ ശബ്ദരേഖയില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത്. പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാര്‍ട്ടിയിലെ പ്രശ്നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ തനിക്കറിയില്ല. വിഷയം അവസാനിപ്പിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ അവസാനിപ്പിക്കണം എന്ന് പറഞ്ഞത്. ആ സംസാരത്തോടെ ഈ വിഷയം വിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിക്കുന്ന മന്ത്രിയുടെ സംഭാഷണം പുറത്തായിരുന്നു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. എന്‍ സി പി നേതാവ് ജി പത്മാകരനെതിരായ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍.