ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇ ചരക്കുകപ്പലില്‍ രണ്ട് മലയാളികള്‍ അടക്കം നാല് ഇന്ത്യക്കാര്‍; കുടുങ്ങിയവരില്‍ ഒരാള്‍ കായംകുളത്തുകാരന്‍ അഖില്‍

-

കായംകുളം>>യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇ ചരക്കുകപ്പലില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.

ചേപ്പാട് ഏവൂര്‍ ചിറയില്‍ പടീറ്റതില്‍ രഘു-ശോഭ ദമ്ബതികളുടെ മകന്‍ അഖില്‍ (25) ആണ് കപ്പലില്‍ കുടുങ്ങിയ ഒരു മലയാളി. രണ്ടാമത്തെ മലയാളിയെയും മറ്റ് രണ്ട് ഇന്ത്യക്കാരെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഇത് അന്വേഷിച്ച് വരികയാണ്.

ബുധനാഴ്ചയാണ് യുഎഇ ചരക്കു കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തത്. ചെങ്കടലില്‍ പടിഞ്ഞാറന്‍ തീരമായ അല്‍ ഹുദൈദായ്ക്ക് സമീപം രാത്രി 11.57 നായിരുന്നു സംഭവം. 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയറാണ് അഖില്‍. കപ്പല്‍ എവിടെയാണ് ഉള്ളതെന്ന് ഇപ്പോള്‍ ആര്‍ക്കും വിവരം ഇല്ല. യുഎഇ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യെമനിലെ സൊകോത്ര ദ്വീപിലേക്ക് സൗദിയിലെ ജിസാന്‍ തുറമുഖത്തു നിന്ന് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു റവാബി എന്ന കപ്പല്‍. അബുദാബി ലിവാ മറൈന്‍ സര്‍വീസസിന്റെ കപ്പലാണിതെന്ന് കരുതുന്നു. സൊകോത്രയിലെ സൗദി ഫീല്‍ഡ് ആശുപത്രിയില്‍ ഉപയോഗിച്ച ആംബുലന്‍സ്, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, സാങ്കേതിക സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ബുധനാഴ്ച രാത്രി അഖില്‍ യുക്രെയ്നില്‍ മെഡിസിന് പഠിക്കുന്ന ഭാര്യ ജിതിനയുമായി ഓണ്‍ലൈന്‍ ചാറ്റ് നടത്തുന്നതിനിടെയാണ് പെട്ടെന്ന് ബന്ധം നഷ്ടപ്പെട്ടത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കപ്പല്‍ തട്ടിയെടുത്ത വിവരം അറിയുന്നത്. അഖിലിന്റെ സഹോദരന്‍ രാഹുല്‍ ഇതേ ഷിപ്പിങ് കമ്ബനിയില്‍ മറ്റൊരു ചരക്കുുകപ്പലില്‍ ജീവനക്കാരനാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →