അഫ്ഗാനിലുള്ള ആയിഷയെ തിരികെ ഇന്ത്യയിലെത്തിക്കണം: തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

-

ന്യൂഡല്‍ഹി>> ഐഎസില്‍ ചേര്‍ന്നതിനു ശേഷം കീഴടങ്ങി അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന മലയാളി യുവതി ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലെത്തിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം. എട്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവും ജസ്റ്റിസ് ബി.ആര്‍.ഗവായ്യുടെയും അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

ആയിഷയുടെ പിതാവ് വി.ജെ.സെബാസ്റ്റ്യന്‍ 2021 ജൂലൈയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നല്‍കിയത്. താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ആയിഷയേയും മകളെയും പാര്‍പ്പിച്ചിരുന്ന ജയില്‍ താലിബാന്‍ തകര്‍ത്തതായാണ് വിവരമെന്ന് ആയിഷയുടെ പിതാവിനു വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് മാരാര്‍ കോടതിയില്‍ അറിയിച്ചു. ജയില്‍ താലിബാന്‍ തകര്‍ത്തതിനാല്‍ ഇവര്‍ ഇപ്പോള്‍ അതിര്‍ത്തി പ്രദേശത്താണെന്നാണ് റിപ്പോര്‍ട്ടെന്നും കോടതിയെ അറിയിച്ചു.

2016 മേയിലാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദും ഭാര്യ ആയിഷയും ഐഎസില്‍ ചേരാന്‍ വീടു വിട്ടിറങ്ങിയത്. രണ്ടര വയസ്സുള്ള മകള്‍ സാറയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യുഎഇയിലെത്തി അവിടുന്ന് ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. 2019 ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ആയിഷ പൊലീസില്‍ കീഴടങ്ങുകയും തടങ്കലിലാക്കപ്പെടുകയുമായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →