ആദിശങ്കരന്റെ നാട്ടില്‍ പഞ്ചവാദ്യോത്സവം ഞായറാഴ്ച;മേളകലാകാരന്മാര്‍ക്ക് പുരസ്‌കാരദാനവും ആദരവും

-

റിപ്പോര്‍ട്ട്: കൂവപ്പടി ജി. ഹരികുമാര്‍

കാലടി>> കേരളത്തിലെ പ്രശസ്തരായ ക്ഷേത്രമേളകലാകാരന്മാരുടെ സംഗമവേദിയാകുകയാണ് കാലടി ആദിശങ്കര കുലദേവക്ഷേത്ര സന്നിധി. ഡിസംബര്‍ 5 ഞായറാഴ്ച വൈകിട്ട് 5.30ന് കാലടി ക്ഷേത്രകലാസ്വാദകസമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ പഞ്ചവാദ്യോത്സവം ശ്രീകൃഷ്ണസ്വാമിക്ഷേത്രസന്നിധിയില്‍ അരങ്ങേറുന്നത്.

സമിതി ക്ഷേത്രമേളകലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഗുരുവായൂര്‍ സുബ്രഹ്‌മണ്യന്‍ (താളം), പെരുവനം കൃഷ്ണകുമാര്‍ (തിമില), പനമണ്ണ മനോഹരന്‍ (കുറുങ്കുഴല്‍) എന്നിവര്‍ക്കാണ് ഇത്തവണ പുരസ്‌കാരം. ഒരു പവനില്‍ തീര്‍ത്ത സുവര്‍ണ്ണ മുദ്രയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഇതോടനുബന്ധിച്ച് നെന്മാറ വെങ്കടാചല അയ്യര്‍ ട്രസ്റ്റ് നല്‍കി വരുന്ന ‘ശിവാലയ പുരസ്‌കാരവും’ ചടങ്ങില്‍ സമ്മാനിക്കും.

പ്രമുഖ മദ്ദളകലാകാരന്‍ ചെര്‍പ്പുളശ്ശേരി മണികണ്ഠനാണ് പുരസ്‌കാരത്തിനര്‍ഹനായത്.
പല്ലാവൂര്‍ പുരസ്‌കാര ജേതാക്കളായ പല്ലാവൂര്‍ രാഘവപ്പിഷാരോടി, മച്ചാട് രാമകൃഷ്ണന്‍ നായര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍ എന്നിവരും ചടങ്ങില്‍ ആദരിയ്ക്കപ്പെടും. തുടര്‍ന്ന് അറുപതില്പരം മേളകലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചവാദ്യം അരങ്ങേറുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →