കണ്ണീരായി ശരണ്യ, വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി

ഏബിൾ.സി.അലക്സ് -

കൊച്ചി>>>ക്യാന്‍സര്‍ ബാധിതയായി തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിഞ്ഞ ചലച്ചിത്ര – സീരിയല്‍ താരം ശരണ്യ ശശി (35)അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കോവിഡും, ന്യൂമോണിയയും പിടികൂടി ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു.മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഗുരുതരമായതിനാല്‍ ഐ സി യു വിലേക്കു മാറ്റി. പിന്നീട് മുറിയിലേക്ക് മാറ്റിയെങ്കിലും, വീണ്ടും പനി കൂടിയതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്റര്‍ ഐ സി യു വിലേക്കു മാറ്റുകയായിരുന്നു. പിന്നീട് സ്ഥിതി വഷളാകുകയും ഉച്ചക്ക് ഒരു മണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ.2012 മുതല്‍ ഏഴ് തവണ ബ്രെയിന്‍ ട്യൂമര്‍ തുടര്‍ച്ചയായി ബാധിച്ചതിനെ തുടര്‍ന്ന് ഒന്‍പതു തവണ തിരുവനന്തപുരം ശ്രീ ചിത്രയില്‍ സര്‍ജറിക്ക് വിധേയായയി .

അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കു ശേഷം അരക്ക് താഴേക്ക് ചലനശേഷി നഷ്ടപെട്ട അവസ്ഥയില്‍ കോതമംഗലം നെല്ലിക്കുഴി പീസ് വാലിയില്‍ എത്തിയ ശരണ്യ സ്വന്തമായി നടക്കാന്‍ കഴിയുന്ന രീതിയിലാണ് കഴിഞ്ഞ ഒക്ടോബറില്‍ മടങ്ങിയത്. തിരുവനന്തപുരത്തു സീമ ജി നായരുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പണിത വീട്ടില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ശരണ്യയും കുടുംബവും താമസം ആരംഭിച്ചത്. സ്‌നേഹ സീമ എന്നണി വീടിന്റെ പേര് തന്നെ.


നിരവധിത്തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃകയാണ്. സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്.

തുടര്‍ച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് നെല്ലിക്കുഴിയിലെ പീസ് വാലി വലിയൊരു കൈത്താങ്ങായി മാറുകയായിരുന്നു.പീസ് വാലിയിലെ ചികിത്സയിലൂടെ മറ്റാരുടെയും സഹായമില്ലതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ എത്തിച്ചേര്‍ന്നു. ഇതെന്റെ രണ്ടാം ജന്മമാണ്, ദൈവം ഇവിടെ ഈ പീസ് വാലിയില്‍ ആണ് ഉള്ളത് എന്നായിരുന്നു ശരണ്യ അന്ന് പറഞ്ഞത്.

വീണുപോയ നാള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന നടി സീമ ജി നായര്‍, ചികിത്സക്കു വേണ്ടി പണമില്ലാതിരുന്ന നാളില്‍ സഹായിച്ച ഫിറോസ് കുന്നും പറമ്പില്‍, തളര്‍ന്നു പോയ തന്റെ മനസും, ശരീരവും തിരികെ തന്ന പീസ് വാലി ചെയര്‍മാന്‍ പി എം അബൂബക്കര്‍ എന്നിവരാണ് തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ സ്ഥാനത്തുള്ളതെന്ന് അന്ന് പീസ് വാലി യിലെ ചികിത്സ കഴിഞ്ഞ് പോകുവാന്‍ നേരം ശരണ്യ പറഞ്ഞിരുന്നു.

ചാക്കോ രണ്ടാമന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ചോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും, നിരവധി സീരിയലുകളിലും അഭിനയിച്ചു.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →