ഡെലിവറി പങ്കാളിയുടെ അപകട മരണം: ഭാര്യയ്ക്ക് ജോലി, മകന്റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കാമെന്ന് സൊമാറ്റോ

ദില്ലി>>ഡെലിവറി പങ്കാളിയായ സലില്‍ ത്രിപാഠി റോഡപകടത്തില്‍ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍. ത്രിപാഠിയുടെ കുടുംബത്തിനെ സഹായിക്കാന്‍ കമ്പനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി ഒന്‍പതിന് ദില്ലി പൊലീസ് കോണ്‍സ്റ്റബിളായ മഹേന്ദ്ര ഓടിച്ച കാറിടിച്ചാണ് ദില്ലിയിലെ ബുധവിഹാര്‍ മേഖലയിലെ രോഹിണിയില്‍ വെച്ച് ത്രിപാഠി ജീവന്‍ വെടിഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ പിതാവിനെ നഷ്ടമായ സലീല്‍ ത്രിപാഠിയായിരുന്നു കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അപകടസ്ഥലത്ത് നിന്ന് ദൃക്‌സാക്ഷികള്‍ തയ്യാറാക്കിയ വീഡിയോയാണ് കേസില്‍ നിര്‍ണായകമായത്. നാട്ടുകാര്‍ പൊലീസുകാരനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

ത്രിപാഠിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി സൊമാറ്റോ ജീവനക്കാര്‍ മുഴുവന്‍ സമയവും ആശുപത്രിയിലുണ്ടായിരുന്നു. സംസ്‌കാരത്തിന്റെ ചെലവുകളടക്കം വഹിച്ച് കുടുംബത്തെ സൊമാറ്റോ സഹായിച്ചിരുന്നു. ത്രിപാഠിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമെന്ന് ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി.

സലിലിന്റെ ഭാര്യ സുചേതയ്ക്ക് ജോലി ആവശ്യമെങ്കില്‍ അത് നല്‍കാന്‍ തയ്യാറാണ്. പത്ത് വയസുകാരനായ മകന്റെ വിദ്യാഭ്യാസത്തിന്റെ ചെലവുകള്‍ വഹിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇതിന് പുറമെ കുടുംബത്തെ സഹായിക്കാനായി സൊമാറ്റോ ജീവനക്കാരില്‍ നിന്ന് 12 ലക്ഷം രൂപ കമ്പനി പിരിച്ചെടുത്തിട്ടുണ്ട്. സലിലിന്റെ കുടുംബത്തിനൊപ്പം നിന്നവരോട് ഈ ഘട്ടത്തില്‍ കൃതജ്ഞത രേഖപ്പെടുത്തുന്നതായും കമ്പനി വ്യക്തമാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →