LOADING

Type to search

അബ്ദുല്‍ ഹക്കു ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് പുറത്ത്

Sports

ന്യൂഡല്‍ഹി>>>കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി പ്രതിരോധ താരം അബ്ദുല്‍ ഹക്കു ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് പുറത്ത്. ഇന്ത്യന്‍ നേവിക്കെതിരായ ആദ്യ മത്സരത്തില്‍ പരുക്കേറ്റതാണ് താരത്തിനു തിരിച്ചടി ആയത്. ഇന്ത്യന്‍ നേവിക്കെതിരെ താരം ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കുമാനോവിച്ച് തന്നെയാണ് ഡ്യൂറന്‍ഡ് കപ്പില്‍ ഇനി മലയാളി താരം കളിച്ചേക്കില്ലെന്ന് സൂചിപ്പിച്ചത്.
ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. പെനല്‍റ്റി കിക്ക് വഴി അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.

ഇരു ടീമുകള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നില്‍. ബ്ലാസ്റ്റേഴ്‌സിന്റെ കെ പ്രശാന്തിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലെ മത്സരക്രമം ഇന്നലെ പുറത്തുവന്നു. ഡിസംബര്‍ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബര്‍ 9ന് സീസണ്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകള്‍ തന്നെയാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളില്‍ വച്ചാവും മത്സരങ്ങള്‍. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്. നവംബര്‍ 27ന് കൊല്‍ക്കത്ത ഡെര്‍ബി നടക്കും. നിലവിലെ ചാമ്ബ്യന്മാരായ മുംബൈ സിറ്റി എഫ്‌സി 22ആം തിയതിയാണ് ആദ്യ മത്സരം നടക്കുക. എഫ്‌സി ഗോവയാണ് മുംബൈയുടെ എതിരാളികള്‍.

നവംബര്‍ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്‌സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഡിസംബര്‍ അഞ്ചിനാണ്. ഒഡീഷ എഫ്‌സിയാണ് എതിരാളികള്‍. ഡിസംബര്‍ 12ന് ഈസ്റ്റ് ബംഗാള്‍, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിന്‍, 26ന് ജംഷഡ്പൂര്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് മത്സരങ്ങളിലെ എതിരാളികള്‍.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.