എറണാകുളം: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എ റഊഫിനെതിരായ കലാപാഹ്വാനക്കേസ് കോടതി തള്ളി. എറണാകുളം ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം 2021 ഡിസംബര്‍ 24ന് എറണാകുളം സൈബര്‍ ക്രൈം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്. ആലപ്പുഴയില്‍ ആര്‍എസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന് കൊല്ലപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിലെടുത്ത എസ് ഡിപി ഐ പ്രവര്‍ത്തകനെ പോലിസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിച്ചിച്ച സംഭവത്തിന്റെ തുടര്‍ച്ചയായാണ് സി എ റഊഫിനെതിരേ കേസെടുത്തിരുന്നത്. പോലിസ് കസ്റ്റഡിയില്‍ ജയ് ശ്രീരാം വിളിപ്പിച്ച സംഭവത്തില്‍ പോലിസ് ക്യാംപിലെയും പോലിസ് സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ എഡിജിപി തയ്യാറാവണമെന്ന് സി എ റഊഫ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.
വെല്ലുവിളിയാണോ പുതിയ ട്രെന്‍ഡ്..?. എങ്കില്‍ എസ് ഡിപി ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ആദ്യം കൊണ്ടുപോയ പോലിസ് സ്റ്റേഷനിലെയും പോലിസ് ക്യാംപിലെയും ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഞാനും വെല്ലുവിളിക്കുന്നു… എന്നായിരുന്നു സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഇതിനെതിരേ ഐപിസി 153 പ്രകാരം കലാപാഹ്വാനത്തിന് പോലിസ് കേസെടുക്കുകയായിരുന്നു. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച കോടതി വിചാരണ പോലും നടത്താതെ തള്ളുകയായിരുന്നു. മറ്റു കേസുകള്‍ ഇല്ലെങ്കില്‍ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, യുഎപിഎ ഉള്‍പ്പടെയുള്ള വേറെയും കേസുകള്‍ ഉള്ളതിനാല്‍ ജയിലില്‍ തുടരും. സി എ റഊഫിനു വേണ്ടി അഭിഭാഷകരായ എം ശൈഖ് റസല്‍, കെ എസ് വഖാറുല്‍ ഇസ് ലാം, മുഹമ്മദ് ജഹ്ഫര്‍ എന്നിവര്‍ ഹാജരായി.