മനാമ: ‘ഷാബു’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കടത്തിയ കേസിൽ 40 കാരനായ ഏഷ്യക്കാരൻ ബഹ്റൈനിൽ അറസ്റ്റിലായി. ഇയാളുടെ താമസസ്ഥലത്തുനിന്ന് ഷാബു എന്നറിയപ്പെടുന്ന മെത്താഫെറ്റാമിൻ അടങ്ങിയ മൂന്ന് ബാഗുകൾ കണ്ടെത്തി.
30 ഗ്രാം മയക്കുമരുന്ന് അടങ്ങിയ ബാഗ്, 53.8 ഗ്രാം മയക്കുമരുന്ന് അടങ്ങിയ 20 ബാഗുകൾ, അഞ്ച് ഇലക്ട്രോണിക് സ്കെയിലുകൾ, രണ്ട് ടേപ്പുകൾ, പൊതിയുന്ന പേപ്പർ, മയക്കുമരുന്ന് പാക്കേജിങ്ങിന് ഉപയോഗിക്കുന്ന ബാഗുകൾ എന്നിവ കണ്ടെത്തി.
ബെഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് പ്രത്യേക സ്ഥലങ്ങളിലെത്തിച്ച ശേഷം ആ സ്ഥലം വാങ്ങുന്നയാളെ അറിയിക്കുകയായിരുന്നു ഇയാളുടെ രീതി.
വാട്സ്ആപ് വഴി മറ്റു വ്യക്തികളുമായി മയക്കുമരുന്ന് ഇടപാടുകൾ ചർച്ച ചെയ്യുകയും മയക്കുമരുന്നിന്റെ ഫോട്ടോകളും വിഡിയോകളും പങ്കുവെക്കുകയും ചെയ്തതായി കണ്ടെത്തി. ഇയാളുടെ താമസസ്ഥലത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ 36 വയസ്സുള്ള ഏഷ്യക്കാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.