38 ദിവസമായി ജനങ്ങള്‍ വലിയ സാമ്ബത്തിക പ്രയാസത്തിലാണ്; ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം, സര്‍ക്കാരിന് കത്ത്

സ്വന്തം ലേഖകൻ -

​​​തിരുവനന്തപുരം>>> ലോക്ക്‌ഡൗണില്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോക്ക്‌ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. 38 ദിവസമായി സംസ്ഥാനം ലോക്ക്‌ഡൗണിലാണ്. കഴിഞ്ഞ ലോക്ക്‌ഡൗണ്‍ തിരഞ്ഞെടുപ്പിന് മുമ്ബായതുകൊണ്ട് ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

മോറട്ടോറിയം നികുതി ഇളവുകള്‍ ആദ്യ ലോക്ക്‌ഡൗണ്‍ കാലയളവില്‍ നല്‍കിയിരുന്നു. വാഹന നികുതി അടയ്ക്കുന്നവര്‍ക്ക് രണ്ടുമാസത്തെ ഇളവും അന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ല. കഴിഞ്ഞ 38 ദിവസമായി ജനങ്ങള്‍ വലിയ സാമ്ബത്തിക പ്രയാസത്തിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. ആളുകള്‍ വലിയ പ്രതിസന്ധിയിലാണ്. ഒരുപാട് പരാതികളാണ് ലഭിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കൂലിവേല ചെയ്‌ത് ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുടെ ജീവിതം സ്‌തംഭിച്ച അവസ്ഥയിലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് നിരുപാധിക പിന്തുണയാണ് യു ഡി എഫ് നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →