3000 വര്‍ഷം പഴക്കമുള്ള മമ്മിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

ഈജിപ്റ്റ്>>നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മമ്മിഫൈചെയ്ത് അടക്കിയതാണ് ഈജിപ്ഷ്യന്‍ ഫറവോന്‍ അമെന്‍ഹോടെപ് ക ന്റെ ശരീരം. മമ്മിഫൈ ചെയ്തിരിക്കുന്ന അലങ്കാരങ്ങളെല്ലാം അഴിച്ചുകളഞ്ഞ് എങ്ങനെയാണ് ശരീരം അടക്കിയിരിക്കുന്നത് എന്നറിയാന്‍ ഗവേഷകര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, ഇത്രയധികം കരുതലോടെ സൂക്ഷിച്ചിരിക്കുന്ന മമ്മിയെ അഴിച്ച് പരിശോധിക്കാനും സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിക്കാതെ തന്നെ ശരീരം എങ്ങനെയാണടക്കിയത്, എന്തെല്ലാം കൂടെയടക്കിയിരുന്നു എന്നെല്ലാം കണ്ടെത്തിയിരിക്കുകയാണ്.

ഹൈടെക് സ്‌കാനറുകള്‍ ഉപയോഗിച്ചാണ് മമ്മിഫൈ ചെയ്ത ശരീരം സ്‌കാന്‍ ചെയ്തിരിക്കുന്നത്. വര്‍ണ്ണാഭമായ കല്ലുകള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ചതും ജീവനുറ്റതുപോലെ തോന്നുന്നതുമായ മുഖംമൂടി ഇതിനുണ്ടായിരുന്നു അതിനാല്‍ തന്നെ അവയെല്ലാം മാറ്റിക്കൊണ്ട് മുഖം വെളിപ്പെടുത്താന്‍ നേരത്തെ ഗവേഷകര്‍ വിസമ്മതിച്ചതായി പറയുന്നു.

ഇപ്പോള്‍, പുതിയ കമ്പ്യൂട്ടര്‍ ടോപ്പോഗ്രാഫി (സിടി) സ്‌കാനിംഗ് സാങ്കേതികവിദ്യയ്ക്കാണ് നന്ദി പറയേണ്ടത്. ശരീരം സ്‌കാന്‍ ചെയ്യുകയും പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം ഇതിലൂടെ കാണാന്‍ സാധിക്കുകയും ചെയ്തിരിക്കുകയാണ്. പൂമാലകള്‍ ഉള്‍പ്പെടുന്ന പാളികള്‍ക്ക് താഴെ, ഈജിപ്‌തോളജിസ്റ്റുകള്‍ അദ്ദേഹത്തിന്റെ രൂപത്തെക്കുറിച്ചും അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെക്കുറിച്ചും ഇതുവരെ അജ്ഞാതമായിരുന്ന വിശദാംശങ്ങള്‍ പലതും കണ്ടെത്തി.

ഡീകോഡ് ചെയ്ത ഹൈറോഗ്ലിഫിക്സിന്റെ സഹായത്തോടെ, ബിസി 11 -ാം നൂറ്റാണ്ടില്‍ ഒരിക്കല്‍ മമ്മി അഴിച്ചുമാറ്റിയതായി ഈജിപ്‌തോളജിസ്റ്റുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരത്തിന് നാല് നൂറ്റാണ്ടുകള്‍ക്കുശേഷം. ശ്മശാന മോഷ്ടാക്കള്‍ വരുത്തിയ കേടുപാടുകള്‍ പരിഹരിക്കാന്‍ പുനര്‍നിര്‍മ്മാണം നടത്തിയത് പുരോഹിതന്മാരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

എന്നിരുന്നാലും, കെയ്റോ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ റേഡിയോളജി പ്രൊഫസറും ഈജിപ്ഷ്യന്‍ മമ്മി പ്രോജക്ടിന്റെ റേഡിയോളജിസ്റ്റും പഠനത്തിന്റെ ആദ്യ രചയിതാവുമായ ഡോ സഹര്‍ സലീം പറയുന്നത് ഫ്രണ്ടിയേഴ്സ് ഇന്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനത്തിലെ കണ്ടെത്തലുകള്‍ പല സിദ്ധാന്തങ്ങളെയും പൊളിച്ചടുക്കുന്നവയാണ് എന്നാണ്.

അവര്‍ പറഞ്ഞു: ‘ആധുനിക കാലത്ത് അമെന്‍ഹോടെപ്പ് കന്റെ മമ്മിയെ ഒരിക്കലും തുറന്നിട്ടില്ലെന്ന വസ്തുത ഞങ്ങള്‍ക്ക് ഒരു അതുല്യമായ അവസരം നല്‍കി. യഥാര്‍ത്ഥത്തില്‍ അതിനെ എങ്ങനെ മമ്മിയാക്കി അടക്കം ചെയ്തുവെന്ന് പഠിക്കാന്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് ശേഷം പുരോഹിതന്മാര്‍ എങ്ങനെ അതിന്റെ പരിക്കുമാറ്റുകയും പുനര്‍നിര്‍മിക്കുകയും ചെയ്തുവെന്നെല്ലാം പരിശോധിക്കാനായി. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി അതിന്റെ വിവിധ ലെയറുകളായ മുഖംമൂടി, ബാന്‍ഡേജുകള്‍, മമ്മി എന്നിവയെ തന്നെ അഴിക്കുന്നത് വഴി, നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ ഫറവോനെ നമുക്ക് വിശദമായി പഠിക്കാനാവും.’

”അമെന്‍ഹോട്ടെപ്പ് ക മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏകദേശം 35 വയസ്സായിരുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹത്തിന് ഏകദേശം 169 സെന്റീമീറ്റര്‍ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ക്കുള്ളില്‍, 30 തകിടുകളും സ്വര്‍ണ്ണ മുത്തുകളുള്ള അതുല്യമായ സ്വര്‍ണ്ണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു’ അവര്‍ കൂട്ടിച്ചേര്‍ത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →