കാക്കനാട് : വെങ്ങോല കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാനായില്ലെന്നും മന്ത്രി തലത്തിലുള്ള ഇടപെടൽ അനിവാര്യമായിരിക്കുകയാണെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .
ബി എം ആൻ്റ് ബിസി നിലവാരത്തിൽ പൂർത്തിയാക്കിയ റോഡ് വെട്ടിപ്പൊളിക്കുന്നതിന് നിലവിലുള്ള ഗവൺമെൻറ് ഓർഡർ പ്രകാരം സാധിക്കുകയില്ല . മന്ത്രി തലത്തിൽ പ്രത്യേക തീരുമാനമെടുത്താൽ മാത്രമേ പൈപ്പിടൽ പൂർത്തീകരിച്ച് റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ കഴിയുകയുള്ളൂ എന്ന് ഉന്നതതല യോഗം വിലയിരുത്തി .വരുന്ന ആഴ്ച രണ്ടു മന്ത്രിമാരുടെയും ഒപ്പം ജില്ലയിൽ നിന്നുള്ള ഈ പ്രശ്നവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ജില്ലാ കളക്ടറുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
പലയിടങ്ങളിലും പൊട്ടിയ കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റിയിടാൻ വളരെ ശ്രമകരമായ പരിശ്രമം നടത്തി ഒൻപത് കോടി രൂപ അനുമതിയായ ശേഷം പിഡബ്ല്യുഡിയും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം മൂലം ജനങ്ങൾക്ക് അവകാശപ്പെട്ട കുടിവെള്ളം ലഭിക്കാതിരിക്കുന്നത് വളരെ വിഷമകരമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് യോഗം വിലയിരുത്തി .