കോതമംഗലം: മാമലക്കണ്ടത്ത് എക്സൈസ് റെയ്ഡ്
മുനിപ്പാറയിലെ വാറ്റു കേന്ദ്രം തകര്ത്തുകുട്ടമ്പുഴ മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു.
ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍ വാഷും കോട സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഓണക്കാലത്തെ സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ താലൂക്കില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അതിനോടനുബന്ധിച്ച് നടന്നു വരുന്ന ശക്തമായ പരിശോധനകളും റെയ്ഡ്കളും നടക്കുന്നതിനോടനുബന്ധിച്ചാണ് മാമലക്കണ്ടത്തെ മുനിപ്പാറയിലെ കുത്തനെയുള്ള മലയിടുക്കിലെ വെള്ളച്ചാലില്‍ ബാരലിലും പാത്രങ്ങളിലുമായി വരും ദിവസങ്ങളിലേക്ക് ചാരായം വാറ്റുന്നതിനായി പാകപ്പെട്ട 350 ലിറ്റര്‍ കോട സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്
സ്പെഷ്യല്‍ ഡ്രൈവില്‍ മലയോര മേഖലകളില്‍ കൂടുതല്‍ റെയ്ഡുകള്‍ തുടരുമെന്ന് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രമേഷ് അറിയിച്ചു.വാഷ് കേസ് കണ്ടെടുത്ത കുട്ടമ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാജന് പോള്‍ നേതൃത്വം നല്കിയ പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി പി പോള്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു എം കെ , ബിജു പി.വി എക്സൈസ് ഡ്രൈവര്‍ നന്ദു ശേഖരന് എറണാകുളം ഐ ബി യിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ യുസഫലി എന്നിവര്‍ പങ്കെടുത്തു.