84 വർഷത്തിനിടെ ലോകം ഏറ്റവും കൂടുതൽ ചൂട് അനുഭവിച്ച ദിവസം ജൂലൈ 21 ആണെന്ന് യൂറോപ്യൻ യൂനിയനിലെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ്(സി3എസ്). ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോഡിലെത്തി. 84 വർഷത്തിനിടെ ആദ്യമായാണ് താപനില ഈ നിലയിലേക്ക് എത്തുന്നത്.
കഴിഞ്ഞ വർഷം ജൂൺ മുതലുള്ള എല്ലാ മാസവും ചൂടേറിയതായിരുന്നു. യൂറോപ്യൻ യൂനിയൻ കാലാവസ്ഥ ഏജൻസി പറയുന്നതനുസരിച്ച്, 1940 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനമാണ് ജൂലൈ 21ന് എന്നാണ്. 2023 ജൂലൈ ആറിന് 17.08 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഈ റെക്കോഡാണ് ജൂലൈ 21ന് മറികടന്നത്. ഈ ദിവസത്തെയും മുൻവർഷത്തെയും താപനിലകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്.
2016 ആഗസ്റ്റിൽ ഭൂമിയിലെ പ്രതിദിന ശരാശരി താപനില 16.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പിന്നീടങ്ങോട്ട് ഈ റെക്കോഡ് പഴങ്കഥയാകാൻ തുടങ്ങി. കഴിഞ്ഞ 13 മാസത്തെ താപനിലയും മുൻകാല റെക്കോർഡുകളും തമ്മിലുള്ള വ്യത്യാസം അമ്പരപ്പിക്കുന്നതാണെന്ന് കാലാവസ്ഥ ഏജൻസി ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. വരുംവർഷങ്ങളിൽ റെക്കോഡുകൾ പുതുക്കിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2015 മുതലാണ് താപനിലയിൽ വ്യത്യാസം വരാൻതുടങ്ങിയത്.
സാധാരണ ജൂൺ മുതൽ ആഗസ്റ്റ് വരെ വടക്കൻ അർധഗോളത്തിൽ വേനൽക്കാലമായിരിക്കും. ദക്ഷിണാർധ ഗോളത്തിലെ സമുദ്രങ്ങൾ തണുക്കുന്നതിനാൽ വളരെ വേഗത്തിൽ വടക്കൻ അർധ ഗോളത്തിൽ ഭൂപ്രദേശങ്ങൾ ചൂടാകുന്നു. അന്റാർട്ടിക്കയിലെ വിവിധ ഭാഗങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഇതാണ് ആഗോള താപനിലയിലെ വർധനവിന് കാരണമായി കാലാവസ്ഥ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. മാത്രമല്ല, അന്റാർട്ടിക്ക് സമുദ്രത്തിലെ മഞ്ഞുപാളികൾ താഴുകയും ചെയ്തു.
2015ൽ പാരീസിൽ ചേർന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തടയാൻ ആഗോള ശരാശരി താപനില വർധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടാൻ നിർദേശം വന്നിരുന്നു. എന്നാൽ അതൊരിക്കലും പ്രാവർത്തികമായില്ല. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ പ്രധാനമായും കാർബൺണൈ ഓക്സൈഡ്, മീഥേൻ എന്നിവയുടെ ക്രമാതീതമായ വർധനവ് ഭൂമിയുടെ ആഗോള താപനിലയും വർധിപ്പിച്ചു. ലോകമെമ്പാടുമുള്ള റെക്കോഡ് വരൾച്ചക്കും കാട്ടുതീക്കും വെള്ളപ്പൊക്കത്തിനും കാരണമായി കണക്കാക്കുന്നതും ഈ ചൂട് തന്നെ.