ദോഹ: 2025ലെ ഫോർമുല വൺ സ്പ്രിന്റ് കാറോട്ട മത്സരത്തിന്റെ സമാപനം ഖത്തറിലെ ലുസൈലിൽ നടക്കും. 2025 നവംബർ 28 മുതൽ 30 വരെ ഖത്തറിലെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മത്സരം. ടിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ഖത്തർ എയർവേസാണ് ടൂർണമെന്റ് സ്പോൺസർ ചെയ്യുന്നത്. 2025 സീസണിൽ ഫോർമുല വൺ സ്പ്രിൻറ് ഇവന്റുകൾ നടക്കുന്ന ആറ് വേദികൾ ഫോർമുല വണ്ണും ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഓട്ടോമൊബൈലും സംയുക്തമായി പ്രഖ്യാപിച്ചു.
മാർച്ച് 21-23 തീയതിയിൽ ചൈനയിലെ ഷാങ്ഹായിയിലും മേയ് 2-4 തീയതിയിൽ യു.എസ്.എയിലെ മിയാമിയിലും ജൂലൈ 25 മുതൽ 27 വരെ ബെൽജിയത്തിലെ സ്പാ ഫ്രാൻകോർചാമ്പ്സിലും ഒക്ടോബർ 17 മുതൽ 19 വരെ യു.എസ്.എയിലെ ഓസ്റ്റിനിലും നവംബർ ഏഴുമുതൽ ഒമ്പത് വരെ ബ്രസീലിലെ സാവോ പോളോയിലുമാണ് ഖത്തർ കൂടാതെ മത്സരം നടക്കുന്നത്. സീസണിന്റെ സമാപനം ലുസൈലിലാണ്. എഫ്.ഐ.എ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പിന്റെ 75ാം വാർഷിക ആഘോഷവും ഇതോടനുബന്ധിച്ച് നടക്കും. ഏകദേശം 100 കിലോമീറ്റർ ചുരുങ്ങിയ റേസ് ദൂരം നിർബന്ധിത പിറ്റ് സ്റ്റോപ്പുകളില്ലാതെ ഓടിയെത്തുന്നതാണ് ഫോർമുല വൺ സ്പ്രിന്റ് ഫോർമാറ്റ്. 2021 മുതൽ ഈ ഇനത്തിൽ മത്സരം നടക്കുന്നു. കുറഞ്ഞ സമയത്തിൽ ആവേശകരമായ മത്സരം നടക്കുന്ന സ്പ്രിന്റ് കാറോട്ട പ്രേമികളുടെ ഹരമാണ്. സ്പ്രിൻറിലെ ആദ്യ എട്ട് സ്ഥാനക്കാർക്ക് ലഭിക്കുന്ന പോയന്റ് 2025ലെ ചാമ്പ്യൻഷിപ് സ്റ്റാൻഡിങ് നിശ്ചയിക്കുന്നതിൽ നിർണായകമാണ്. 10 വർഷത്തേക്ക് ഫോർമുല വൺ റേസുകളിലൊന്നിന് ആതിഥേയത്വം വഹിക്കാനുള്ള കരാർ നേരത്തെ ഖത്തർ ഒപ്പുവെച്ചിരുന്നു.