ഗസ്സ: ഒക്ടോബർ 7 മുതൽ ഗസ്സയിൽ 200 യു.എൻ.ആർ.ഡബ്ല്യൂ.എ ജീവനക്കാരെ ഇസ്രായേൽ സൈന്യം വധിച്ചതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യസേവനങ്ങൾ എത്തിക്കുന്ന ഐക്യ രാഷ്ട്രസഭയുടെ ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യൂ.എ. ഇവരുടെ കീഴിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന ഏഴ് സ്കൂളുകൾ ഇസ്രായേൽ ബോംബിട്ട് തകർത്തു. കുഞ്ഞുങ്ങളടക്കം നൂറുകണക്കിന് പേരെയാണ് ഈ സ്കൂളുകളിൽ വെച്ച് കൊന്നുകളഞ്ഞത്.
ഗസ്സയുടെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന യു.എൻ.ആർ.ഡബ്ല്യൂ.എയെ ഇതിനുമുമ്പും ഇസ്രായേൽ നിരന്തരം ലക്ഷ്യമിട്ടിരുന്നു. ഇന്ത്യയടക്കം ലോകരാഷ്ട്രങ്ങളുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പ്രസ്തുത ഏജൻസിക്കുള്ള ഫണ്ട് വരവ് തടയാൻ ഇസ്രായേൽ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാൽ, ആ നീക്കം പരാജയപ്പെട്ടതോടെ യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെയുള്ള ആക്രമണം കടുപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഏഴ് സ്കൂളുകൾക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.
ഇതുവരെ ഏജൻസിയുടെ കീഴിലുള്ള 189 സ്ഥാപനങ്ങൾക്കും ആംബുലൻസുകൾക്കും നേരെ ആക്രമണം നടത്തി. ജൂലൈ 14 വരെ 197 ജീവനക്കാരെയാണ് ഇസ്രായേലി അധിനിവേശ സേന കൊലപ്പെടുത്തിയത്. ഗസ്സയിലെ യു.എൻ.ആർ.ഡബ്ല്യു.എയുടെ 26 ഹെൽത്ത് സെൻററുകളിൽ 10 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. യു.എൻ.ആർ.ഡബ്ല്യു.എ സ്ഥാപനങ്ങളുടെസമീപത്തും അകത്തുമായി 458 ആക്രമണങ്ങൾ നടന്നു.
ഇന്നലെ നടത്തിയ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യൂ.എ സ്കൂളിൽ അഭയം പ്രാപിച്ച 42 ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സെൻട്രൽ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ യു.എന്നിന്റെ അൽ-റാസി സ്കൂളിന് നേരെയാണ് ഏറ്റവും ഒടുവിൽ ആക്രമണം നടന്നത്. അൽ-റാസിയിൽ 25 പേരും അൽ-മവാസിയിൽ 17 പേരും കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 70ലധികം പേർക്ക് പരിക്കേറ്റു. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ നടന്ന ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു.
ഇതിനകം 38,794 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 81 പേരെ കൊലപ്പെടുത്തി. ഒമ്പത് മാസം പിന്നിട്ട ആക്രമണത്തിൽ ഇതുവരെ 89,364 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.