അടിമാലി: വീട്ടിൽ അതിക്രമിച്ച് കയറി 15വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ കോടതി കഠിന തടവിന് ശിക്ഷിച്ചു.
ശാന്തൻപാറ സേനാപതി പള്ളിക്കുന്ന് കൊല്ലികുന്നേൽ മേഡ് ഭാഗത്ത് തോട്ടുവായിൽ വീട്ടിൽ അനീഷിനെയാണ്(42) എട്ടുവർഷം കഠിന തടവിനും 60000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്. ദേവികുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ കോടതി ജഡ്ജ് എം.ഐ ജോൺസനാണ് വിധി പറഞ്ഞത്.
2022 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചത്. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിതാവ് പൊലിസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ശാന്തൻപാറ സബ് ഇൻസ്പെക്ടർ കെ.പി സിദ്ദീഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
കോടതി വിധിച്ച പിഴതുക പെൺകുട്ടി നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായിട്ടുണ്ട്.
പിഴസംഖ്യ അടക്കാതിരുന്നാൽ പ്രതിക്ക് ഒരു വർഷം അധിക കഠിനതടവ് നേരിടേണ്ടി വരും. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി അഞ്ചുവർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് ഹാജരായി.