സൗദി അറേബ്യയിലെ ഒരു ചെരിപ്പ് കടയിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ആളുകൾ സാധാരണ ഉപയോഗിക്കുന്ന ചെരിപ്പിന്റെ വിലയാണ് വിഡിയോയെ വൈറലാക്കിയത്. ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന ഹവായ് ചെരിപ്പിന് സമാനമായൊരു പാദരക്ഷക്ക് ഒരു ലക്ഷം രൂപ വിലയാണ് സൗദിയിലെ ഒരു കട ഈടാക്കുന്നത്.
ചെരിപ്പിനെ കുറിച്ച് കടയിലെ സെയിൽസ്മാൻ വിവരിക്കുന്നതാണ് വിഡിയോയിൽ. കൈയിൽ ഗ്ലൗസെല്ലാം ധരിച്ചാണ് ഇയാൾ ചെരിപ്പ് കൈയിലെടുക്കുന്നത്. ചെരിപ്പിന്റെ വില 4590 റിയാലാണെന്നും ദൃശ്യങ്ങളിൽ കാണാം. ഏകദേശം ഇന്ത്യൻ രൂപ ഒരു ലക്ഷത്തോളമാണ് ചെരിപ്പിന്റെ വില.
വിഡിയോ പുറത്ത് വന്നതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇന്ത്യക്കാർ സാധാരണയായി ബാത്ത്റൂമിൽ പോകാൻ ചെരിപ്പിന് ഇത്ര വിലയോയെന്നാണ് വിഡിയോ കണ്ട ഒരാളുടെ ചോദ്യം. ഇന്ത്യയിൽ 100 രൂപയിൽ താഴെ മാത്രം വിലയുള്ള ചെരിപ്പിന് ഒരു ലക്ഷം രൂപയോയെന്നാണ് മറ്റൊരാൾ ആശ്ചര്യപ്പെടുന്നത്.
ഒരുകാലത്ത് അമ്മമാരുടെ ഏറ്റവും വലിയ ആയുധമായിരുന്നു ഇത്തരം ചെരിപ്പെന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം, ചെരിപ്പിന് മറ്റ് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോയെന്ന് വ്യക്തമല്ല.