ചെന്നൈ: ഭൂമി തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന അണ്ണാ ഡി.എം.കെ മുൻ മന്ത്രി എം.ആർ.വിജയഭാസ്കറിനെ തൃശൂരിൽനിന്ന് സി.ബി.സി.ഐ.ഡി പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ കരൂർ സി.ബി.സി.ഐ.ഡി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു.
മുൻ അണ്ണാ ഡി.എം.കെ സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്നു. കരൂർ ജില്ലയിലെ മൺമംഗലം താലൂക്ക് കുപ്പിച്ചിപ്പാളയം സ്വദേശിയായ പ്രകാശിന് സ്വന്തമായ നൂറുകോടി രൂപ വിലമതിപ്പുള്ള 22 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി വിജയഭാസ്കർ രജിസ്റ്റർ ചെയ്തതായും ഇത് ചോദ്യം ചെയ്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. വിജയഭാസ്കർ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് സി.ബി.സി.ഐ.ഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.