തിരുവനന്തപുരം : കേരളത്തിൽ 10ാം ക്ലാസ് വിജയിച്ച കുട്ടികളുടെ ഗുണനിലവാരത്തെക്കുറിച്ച് ചർച്ച സജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) ‘മികവ് 2024’ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ക്ലാസിലും കുട്ടികൾ കൈവരിക്കേണ്ട അടിസ്ഥാനശേഷികൾ അതത് ക്ലാസിൽ കുട്ടികൾ കൈവരിക്കുന്നതായി അധ്യാപകർ ഉറപ്പുവരുത്തണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം പൊതുവെ മികച്ചതാണെങ്കിലും ശാസ്ത്രവിഷയങ്ങളിൽ കുട്ടികൾ പിന്നിലാണ്. ലോകോത്തരമെന്ന് ചൂണ്ടിക്കാട്ടാൻ കഴിയുന്ന ശാസ്ത്രപ്രതിഭകളെ വാർത്തെടുക്കാൻ നമുക്കാവുന്നില്ല. സർക്കാർ ഇതിൽ സ്വയംവിമർശനം നടത്തുന്നുണ്ട്. അധ്യാപകരും ഇതു ഗൗരവമായെടുക്കണം. ഗണിതശാസ്ത്രമേഖലയിൽ നമ്മുടെ പ്രകടനം മികച്ചതല്ലെന്ന ചില പഠനങ്ങൾ പ്രകാരം കുറവ് പരിഹരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം കൂടിവരുമ്പോഴും മാതൃഭാഷയിലോ ഇംഗ്ലീഷിലോ പ്രാവീണ്യമില്ലാത്ത കുട്ടികളെ വാർത്തെടുക്കുകയാണ്. ഇതുണ്ടാക്കുന്ന വൈജ്ഞാനിക പിന്നാക്കാവസ്ഥ മറികടക്കാൻ കഴിയണം. പ്രൈമറി ഘട്ടത്തിന്റെ അവസാനമാകുമ്പോഴേക്കും ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ വിനിമയം ചെയ്യാനുള്ള കഴിവ് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കുണ്ടാകണം. പലയിടങ്ങളിലും അധ്യാപകർ അന്ധവിശ്വാസങ്ങളുടെ പ്രചാരകരായും വിവേചനങ്ങളുടെ പ്രയോക്താക്കളായും മാറുന്നു. അതു കണ്ടെത്താനും തിരുത്താനും അധ്യാപക സംഘടനകൾ തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷതവഹിച്ചു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, സ്കോൾ കേരള വൈസ് ചെയർമാൻ പി. പ്രമോദ്, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. ബദറുന്നിസ, ട്രഷറർ ടി.കെ.എ. ഷാഫി തുടങ്ങിയവർ പങ്കെടുത്തു.