കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്‍.ടി.ടി.ഇക്കെതിരെ സൈനിക നടപടിക്ക് നേതൃത്വം നൽകിയ മുൻ സൈനിക മേധാവിയും. 73കാരനായ ഫീൽഡ് മാർഷൽ സരത് ഫൊൻസേകയാണ് സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്.
സമൂഹമാധ്യമമായ ‘എക്സി’ലാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തെ കടക്കെണിയിൽനിന്ന് രക്ഷിക്കാനും അഴിമതി തുടച്ചുമാറ്റാനുമാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2010ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സയുടെ പ്രധാന എതിരാളിയായിരുന്നു ഫൊൻസേക. എങ്കിലും പരാജയപ്പെട്ടു.
തമിഴ് രാഷ്ട്രം രൂപവത്കരിക്കണമെന്ന എൽ.ടി.ടി.ഇയുടെ വിഘടനവാദമാണ് സൈനികനീക്കത്തിലൂടെ ഫൊൻസേക പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 17നും ഒക്ടോബർ 16നും ഇടയിലായിരിക്കും ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തീയതി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കും.