ബംഗളൂരു > വാട്സാപ്പ് വഴി വ്യാജ ഇ ചലാൻ അയച്ച് പണം തട്ടുന്നത് വ്യാപകമാവുന്നതായി മുന്നറിയിപ്പ്. ആൻഡ്രോയിഡ് മാൽവെയർ ഉപയോഗിച്ച് വിയറ്റ്നാം ഹാക്കർമാരാണ് തട്ടിപ്പ് നടത്തുന്നതെന്ന് വിദഗ്ധർ അറിയിച്ചു. വ്രോംബ കുടുംബത്തിൽപ്പെട്ട മാൽവെയർ ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിക്കുന്നതെന്ന് സൈബർ സെക്യൂരിറ്റി ഫേം ആയ ക്ലൗഡ്എസ്ഇകെ റിപ്പോർട്ട് ചെയ്തു. 4,400ഓളം ഡിവൈസുകളെ മാൽവെയർ ബാധിച്ചതായും ഇതുവരെ 16 ലക്ഷം രൂപ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ട്.
വാട്സാപ്പ് വഴി വ്യാജ ചലാൻ അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. പരിവാഹൻ സൈറ്റിന്റെയോ കർണാടക പൊലീസിന്റെയോ എന്ന് തോന്നിപ്പിച്ചാണ് വ്യാജ ഇ -ചലാൻ സന്ദേശങ്ങൾ അയക്കുന്നത്. തുടർന്ന് മറ്റൊരു വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ കോൺടാക്ടും മെസേജുമടക്കമുള്ളവയിൽ പെർമിഷൻ ചോദിക്കും. അനുമതി നൽകുന്നതോടെ ഈ ആപ്പ് ഡിഫാൾട്ട് മെസേജിങ്ങ് ആപ് ആവുകയും വ്യക്തിഗത വിവരങ്ങളും പണവും മോഷ്ടിക്കുകയും ചെയ്യും.
വാട്സ്ആപ്പ് സന്ദേശത്തിനുള്ളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിയമാനുസൃതമായ ആപ്ലിക്കേഷൻ എന്ന് തോന്നിപ്പിക്കുന്ന വ്യാജ എപികെ ഡൗൺലോഡ് ചെയ്യുന്നതിലേക്കാണ് നയിക്കുന്നത്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ, കോൺടാക്റ്റുകൾ, ഫോൺ കോളുകൾ, എസ്എംഎസ് സന്ദേശങ്ങൾ തുടങ്ങിയവയിലേക്ക് വ്യാജ ആപ്പിന് ആക്സസ് ലഭിക്കുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്.
തുടർന്ന് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട്, ഇ പേയ്മെന്റ് അടക്കമുള്ളവയിലേക്ക് നുഴഞ്ഞുകയറി പണം മോഷ്ടിക്കുകയാണ് രീതി. ഗുജറാത്തിലും കർണാടകയിലുമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. തട്ടിപ്പുകൾ വ്യാപകമായതോടെ വാട്സാപിൽ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ ഏറെ ശ്രദ്ധ പുലർത്തണമെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകി.