സൗഹൃദത്തിന് ഏറെ പ്രധാന്യം നൽകുന്ന ആളാണ് നടൻ സൽമാൻ ഖാൻ. നടന്റെ ലാളിത്യത്തെ പ്രശംസിച്ച് സഹപ്രവർത്തകർ എത്താറുണ്ട്. ഇപ്പോഴിതാ സൽമാൻ ഖാനെക്കുറിച്ച് നടൻ മുകേഷ് ഋഷി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം നടക്കാനാണ് സൽമാന് ആഗ്രഹിക്കുന്നതെന്നും സൗഹൃദത്തിന് വലിയ പ്രധാന്യം നൽകുന്ന വ്യക്തിയാണെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.
‘ ഒറ്റക്ക് ഇരിക്കാൻ ഇഷ്ടമല്ലാത്ത ആളാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന് എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം പുറത്ത് ചുറ്റിക്കറങ്ങാനാണ് താൽപര്യം. വളരെ രസകരമായ മനുഷ്യനാണ് സൽമാൻ. അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്യാനും വളരെ സുഖമാണ്. ഷൂട്ടിങ്ങിന് ശേഷവും സൽമാനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവുമില്ല. സെറ്റിൽ എങ്ങനെ ആയിരുന്നോ സൗഹൃദം അതുപോലെതന്നെയാണ് പുറത്തുവെച്ച് കാണുമ്പോഴും. ഒരുമിച്ച് പ്രവർത്തിക്കാനും അതുപോലെ പരസ്പരം അടുത്തറിയാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് പരസ്പര ബഹുമാനം നേടാൻ സഹായിച്ചിട്ടുണ്ട്’- മുകേഷ് ഋഷി പറഞ്ഞു.
സൽമാൻ ചിത്രങ്ങളായ ജുദ്വാ, തുംകോ നാ ഭൂൽ പായേംഗേ, ഗർവ് തുടങ്ങിയവയിൽ മുകേഷ് ഋഷിയും അഭിനയിച്ചിരുന്നു. കത്രീന കൈഫ് , ഇമ്രാൻ ഹാഷ്മി എന്നിവർക്കൊപ്പം YRF സ്പൈ യൂണിവേഴ്സിന്റെ ടൈഗർ 3 എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ അവസാനമായി അഭിനയിച്ചത് . സംവിധായകൻ എ. ആർ മുരുകദോസ് ചിത്രമായ സിക്കന്ദർ ആണ് സൽമാന്റെ പുതിയ ചിത്രം. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. സാജിദ് നദിയാദ്വാല നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രവും നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.