മസ്കത്ത് > ഒമാനിലെ സാമൂഹ്യ പ്രവർത്തകയും, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് കേരള വിഭാഗം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഒമാനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു.
ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ് അദ്ധ്യക്ഷനായ യോഗത്തിൽ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കേരള വിഭാഗം വനിതാ കോഓർഡിനേറ്റർ ശ്രീജ രമേശ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, മലബാർ വിംഗ് കോ കൺവീനർ സിദ്ദിഖ് ഹസ്സൻ, കേരളാ വിംഗ് ട്രഷറർ അംബുജാക്ഷൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, അജയൻ പൊയ്യാറ, സുധി പദ്മനാഭൻ , കൃഷ്ണേന്ദു, നിധീഷ് മണി, എൻ ഒ ഉമ്മൻ, അബ്ദുൾകരീം തുടങ്ങി നിരവധിപേർ മോളി ഷാജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. കേരള വിങ്ങ് കോ കൺവീനർ വിജയൻ കെ വി യോഗത്തിന് നന്ദി പറഞ്ഞു.