മനാമ: ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഏർപ്പെടുത്തിയ ‘അന്നപൂർണ സർട്ടിഫിക്കറ്റ്’ ലഭിക്കുന്നതിന് ഭക്ഷണശാലകൾക്ക് അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസി. ഇന്ത്യൻ പാചകരീതികളും പാചക പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്, മികച്ച രീതിയിൽ വിദേശത്ത് പ്രവർത്തിക്കുന്ന റസ്റ്റാറന്റുകൾക്ക് ‘അന്നപൂർണ സർട്ടിഫിക്കറ്റ്’ എംബസി നൽകുന്നത്.
ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിലും സാംസ്കാരിക വിനിമയം വർധിപ്പിക്കുന്നതിലും ഭക്ഷണശാലകൾ വഹിക്കുന്ന പങ്ക് വലുതാണ് എന്നതിനാൽ ഇന്ത്യൻ പാചകരീതിയുടെ ആഗോള അംബാസഡർമാരായി സർട്ടിഫിക്കറ്റ് ലഭിക്കുന്ന റസ്റ്റാറന്റുകൾ അംഗീകരിക്കപ്പെടും.
ഈ സർട്ടിഫിക്കറ്റിന് അർഹരാകുന്ന ഭക്ഷണശാലകൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിക്കുകയും ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയും വേണം. അപേക്ഷകരുടെ വിശദമായ പരിശോധനകൾക്കുശേഷം ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അതത് രാജ്യങ്ങളിലെ പ്രത്യേക ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
സർട്ടിഫിക്കറ്റ് നേടുന്നവർക്ക് നിരവധി ആനുകൂല്യങ്ങളുണ്ട്. വിദേശത്തുള്ള എല്ലാ ഇന്ത്യൻ റസ്റ്റാറന്റുകൾക്കും അപേക്ഷ നൽകാം. അസോസിയേഷനുകളോ സംഘടനകളോ അപേക്ഷ നൽകരുത്. ഭക്ഷണ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും റസ്റ്റാറന്റ് ഉയർന്ന തലത്തിൽ പാലിക്കണം.
യോഗ്യരായ റസ്റ്റാറന്റുകൾ അപേക്ഷ കൃത്യമായി പൂരിപ്പിച്ച നിർദിഷ്ട ഫോറത്തിൽ ഇന്ത്യൻ മിഷൻ/പോസ്റ്റിൽ ആവശ്യത്തിനായി നിശ്ചയിച്ചിട്ടുള്ള സമയ പരിധിക്കുള്ളിൽ സമർപ്പിക്കണം.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് നിയമിക്കുന്ന ജൂറിയാണ് സർട്ടിഫിക്കറ്റിനായുള്ള അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്. വാർഷികാടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് eoibahrain.gov.in സന്ദർശിക്കുക.