ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു.
മലിനജലം റോഡിൽ പരന്നൊഴുകിയത് കാരണം ജനജീവിതം ദുസ്സഹമായി. ഡൽഹി ട്രാഫിക് പോലീസ് യാത്രക്കാരെ വിവരം അറിയിക്കുകയും ബദൽ വഴികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ സ്റ്റേഷന് സമീപമുള്ള ന്യായ മാർഗ്, സർ.എം. വിശ്വേശ്വരയ്യ മോട്ടി ബാഗ് മെട്രോ സ്റ്റേഷൻ, ശാന്തി പാത്ത്, ഭിക്കാജി കാമ പ്ലേസ്, മോത്തിബാഗ് റിങ്റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് പ്രയാസം സൃഷ്ടിച്ചതായി പോലീസ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. മഴയിൽ റോഡുകളിൽ നിന്നു പോയ വാഹനങ്ങളെ സഹായിക്കുന്ന ചിത്രം പൊലീസ് എക്സിൽ പോസ്റ്റ് ചെയ്തു.
മലിനജലം കവിഞ്ഞൊഴുകിയതും കുഴികൾ നിറഞ്ഞതും കാരണം റോഹ്തക് റോഡിലെ ഗതാഗതം മന്ദമതിയിലായി. സെൻട്രൽ ഡൽഹിയിലെ മിന്റോ റോഡ് പുലർച്ചെ വെള്ളത്തിനടിയിലായി.
റോഡുകളിൽ ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിന്റെയും വെള്ളക്കെട്ടുള്ള തെരുവുകളിലൂടെ ആളുകൾ നടക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. നഗരത്തിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.