ന്യൂയോർക്ക്: യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് വെടിയേറ്റതിന് പിന്നാലെ രാജിവെച്ച് രഹസ്യ സേവന വിഭാഗം ഡയറക്ടർ കിംബർലി ചീറ്റിൽ. പ്രത്യേക കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുകയും സുരക്ഷാ വീഴ്ചകളുടെ പേരിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഒരപോലെ ശകാരിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കിംബർലിയുടെ രാജി. ട്രംപിന്റെ വധശ്രമത്തെ പതിറ്റാണ്ടുകളായുള്ള രഹസ്യ സർവീസിൻ്റെ ‘ഏറ്റവും പ്രധാന പ്രവർത്തന പരാജയം’ എന്ന് വിശേഷിപ്പിച്ച കിംബർലി, സുരക്ഷാ വീഴ്ചകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അറിയിച്ചിരുന്നു.
‘സുരക്ഷാ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, നിങ്ങളുടെ ഡയറക്ടർ സ്ഥാനം ഒഴിയാനുള്ള കഠിനമായ തീരുമാനമെടുക്കുന്നു’ -സ്റ്റാഫിനയച്ച ഇ-മെയിലിൽ കിംബർലി കുറിച്ചു.
2022 ആഗസ്റ്റിലാണ് കിംബർലി രഹസ്യ സേവന വിഭാഗത്തിന്റെ തലപ്പത്തെത്തിയത്. ജൂലൈ 13ന് പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് 20കാരനായ തോമസ് മാത്യു ക്രൂക്സ് ട്രംപിന് നേരെ വെടിയുതിർത്തത്. തലനാരിഴക്ക് രക്ഷപ്പെട്ട ട്രംപിന്റെ ചെവിക്കാണ് വെടികൊണ്ടത്. അക്രമിയെ പൊലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊന്നിരുന്നു.