ന്യൂഡൽഹി: 1975ൽ അടിയന്തരാവസ്ഥ പ്രഖാപിച്ച ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി.
ഈ തീരുമാനം ഭരണഘടനയുടെ ലംഘനം മാത്രമല്ല “സംവിധാൻ (ഭരണഘടന)” എന്നതിനൊപ്പം “ഹത്യ (കൊലപാതകം)” എന്ന വാക്ക് ഉപയോഗിച്ചത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി സമീർ മാലിക് ആണ് ഹരജി നൽകിയിരുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ വെല്ലുവിളിക്കാനല്ല, അധികാര ദുർവിനിയോഗവും നിയമ ദുരുപയോഗവും കാരണമുണ്ടായ അതിക്രമങ്ങൾക്കുമെതിരെയാണ് കേന്ദ്രം ഇത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിച്ചതെന്നും ഇത് ഒരിക്കലും ഭരണഘടനാ ലംഘനമല്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പം “ഹത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് സന്ദർഭത്തിനനുസരിച്ച് മാത്രമാണ്. ഇത് ഭരണഘടനയെ അനാദരിക്കലല്ലെന്നും” ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.