അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂളിൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ക്ലാസ് മുറിയുടെ ചുമരിടിഞ്ഞ് വീണു. വഡോദരയിലെ ശ്രീ നാരായൺ ഗുരുകുലം സ്കൂളിലാണ് സംഭവം. നഗരത്തിലെ വഹോദിയ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രിൻസിപ്പാൽ പറയുന്നത് അനുസരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഉച്ചഭക്ഷണത്തിനായുള്ള ബ്രേക്കിനിടെ വലിയ ശബ്ദം കേട്ടാണ് ക്ലാസ് മുറിയിലേക്ക് പോയത്. അപകടത്തിൽ ഒരു കുട്ടിയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മറ്റ് കുട്ടികളെ സുരക്ഷിതസ്ഥാനത്ത് മാറ്റിയെന്നും പ്രിൻസിപ്പാൽ രുപാൽ ഷാ പറഞ്ഞു.
കുട്ടികൾ സൈക്കിളുകൾ നിർത്തുന്ന പാർക്കിങ് ഗ്രൗണ്ടിലേക്കാണ് ക്ലാസ് മുറിയുടെ ചുമരിടിഞ്ഞ് വീണത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്ലാസ്മുറിയുടെ ചുമരിടിഞ്ഞു വീണുവെന്ന വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് ഫയർഫോഴ്സും അറിയിച്ചു. അപകടത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.