വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻറുമായ കമലാ ഹാരിസ്. സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ശേഷം വിദേശ നയ വിഷയത്തിൽ ആദ്യമായാണ് ഇവർ പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്.
അമേരിക്ക സന്ദർശിക്കാനെത്തിയ ഇസ്രായേലി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമല. “ബന്ദികളെ വീട്ടിലെത്തിക്കാനും ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകാനും നമുക്ക് വെടിനിർത്തൽ കരാർ പൂർത്തിയാക്കണം. യുദ്ധം അവസാനിപ്പിക്കാം’ -അവർ പറഞ്ഞു.
സാധാരണ മറ്റുരാഷ്ട്രത്തലവൻമാരുടെ സന്ദർശനത്തിന് ശേഷം പ്രസിഡന്റ് ആണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുക. എന്നാൽ, ഇത്തവണ പ്രസിഡന്റ് ജോ ബൈഡൻ, പുതിയ പ്രസിഡന്റ് സ്ഥാനാർഥിക്കായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന അതിക്രമത്തിൽ ബൈഡൻ ഭരണകൂടത്തിന്റെ നിലപാട് തന്നെയാണ് കമല ഹാരിസും സ്വീകരിക്കുന്നത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം താൻ അംഗീകരിക്കുന്നുവെന്നും എന്നാൽ അത് എങ്ങനെയാണ് നടപ്പാക്കുന്നത് എന്നത് പ്രധാനമാണെന്നും ഗസ്സയിലെ കൂട്ടക്കൊലയെയും നശീകരണങ്ങളെയും ചൂണ്ടിക്കാട്ടി അവർ പ്രതികരിച്ചിരുന്നു.