ഡെറാഡൂൺ: കാവടി യാത്ര വഴിയിലെ പള്ളി കർട്ടനിട്ട് മറച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഹരിദ്വാറിലെ ഭരണകൂടമാണ് പള്ളി കർട്ടനുകൾ ഉപയോഗിച്ച് മറച്ചത്. തീരുമാനം വിവാദമായതോടെ കർട്ടനുകൾ മാറ്റാൻ ഭരണകൂടം നിർദേശം നൽകി.
നേരത്തെ ആര്യനഗറിനെ സമീപത്തുള്ള ഇസ്ലാംനഗർ പള്ളിയും ഇത്തരത്തിൽ കർട്ടൻ ഉപയോഗിച്ച് മറച്ചിരുന്നു. അതേസമയം, സംഘർഷമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് പള്ളി മറച്ചതെന്ന വിചിത്രമായ വിശദീകരണമാണ് ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പ് മന്ത്രി സത്പാൽ മഹാരാജ് ഇതിന് നൽകുന്നത്.
അതേസമയം, തീരുമാനത്തോട് അതൃപ്തി അറിയിച്ച് പള്ളി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ അറിയിക്കാതെയാണ് ഭരണകൂടം പള്ളിക്ക് കർട്ടനിട്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. കാവടി തീർഥാടകരുമായി ബന്ധപ്പെട്ട് കഴിഞ്ഞ 40 വർഷമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അവർ ഇവിടെയെത്തുകയും വിശ്രമിച്ച് പോവുകയും ചെയ്യുകയാണ് പതിവ്. ഇത്തവണ ഇത്തരത്തിൽ പള്ളി മറക്കാനിടയായ സാഹചര്യമെന്താണെന്ന് അറിയില്ലെന്നാണ് ഭാരവാഹിയായ ഷക്കീൽ അഹമ്മദ് പറയുന്നത്.
കാവടി യാത്ര വഴിയിലെ കച്ചവടക്കാർ അവരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവ് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലൊയാണ് ഉത്തരാഖണ്ഡിൽ നിന്നും പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാറും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു.