കോഴിക്കോട് : ആലപ്പുഴ തദ്ദേശ വകുപ്പിനും കിഴിലുള്ള പരിശോധനയിൽ 1,43 ,80,311 രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിഷ്ക്രീയ നീക്കിയിരുപ്പ് കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിനു കിഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ജില്ലാ പഞ്ചായത്ത് കാര്യാലയം, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം കാര്യാലയം, വിവിധ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിലാണ് ധനകാര്യ വിഭാഗം പരിശോധന നടത്തിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലാണ് നിഷ്ക്രിയമായി അവശേഷിക്കുന്നതും പലിശ ഇനത്തിൽ ആർജിച്ചതുമായ ആകെ തുകയായി 1,43,80,311 രൂപ കണ്ടെത്തിയത്.
ഇതിൽ ഉറവിടം തിരിച്ചറിയാത്തതും ശീർഷകം വ്യക്തമല്ലാത്തതുമായ തുകയുമുണ്ട്. ഈ തുക ഉടൻ തന്നെ സർക്കാർ ഖജനാവിലേക്ക് തിരിച്ചടക്കുന്നതിനുള്ള നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം കാര്യാലയത്തിലും പരിശോധന നടത്തി. രേഖകൾ പ്രകാരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന് നിലവിൽ നിലവിൽ 16 ബാങ്ക് അക്കൗണ്ടുകളും, ഒരു ട്രഷറി അക്കൗണ്ടും നിലവിലുണ്ട്. ഈ അക്കൗണ്ടുകളിലായി 85,90,860 രൂപ നീക്കിയിരിപ്പുണ്ട്. ഇതിൽ 2,00,951രൂപ പലിശ ഇനത്തിൽ ലഭിച്ച തുകയാണ്. ഈ അക്കൗണ്ടുകളിൽ നിന്നും സർക്കാർ ഖജനാവിലേക്ക് 69,21,800 തിരികെ അടക്കേണ്ടതാണെന്ന് കണ്ടെത്തി.
ഗ്രാഹികസന മന്ത്രാലയത്തിന്റെ ദാരിദ്ര്യ നിർമാർജ്ജന പരിപാടികൾ നടപ്പാക്കുന്നതിന്റെ മേൽനോട്ടം ജില്ലാ തലത്തിൽ ആർ.ഡി.എ (ജില്ലാ ഗ്രാമീണ വികസന ഏജൻസികൾ) കളുമായി ബന്ധപ്പെട്ടായിരുന്നു. സംയോജിത ഗ്രാമീണ വികസന പരിപാടി (ഐ.ആർ.ഡി.പി) നടപ്പിലാക്കാൻ ഈ ഏജൻസി ആദ്യം രൂപം നൽകി. തുടർന്ന് ഡി.ആർ.എ.ഡി കളെ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പരിപാടികളുടെ പരിധിയിൽ ഉൾപ്പെടുത്തി. കേരളത്തിൽ ഡി.ആർ.ഡി.എ.കൾ ഇപ്പോൾ ദാരിദ്ര്യ ലഘൂകരണ യൂനിറ്റായി പുനർനാമകരണം ചെയ്തിരിക്കുന്നു. പ്രൊജക്ട്ഡയറക്ടറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ദാരിദ്ര്യ ലഘൂകരണ ഫണ്ട് പോലും ചെലവഴിക്കാതെ ബാങ്കിൽ നീക്കിയിരുപ്പാണ്.