ന്യൂയോർക്ക്: അമേരിക്കയിൽ മില്യൺ ഡോളറിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചതിന് ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ടെന്നസി സംസ്ഥാനത്തെ മർഫ്രീസ്ബോറോയിലെ പെട്രോൾ ബങ്കിലാണ് ലോട്ടറി ടിക്കറ്റ് മോഷണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മീർ പട്ടേൽ (23) അറസ്റ്റിലായതായി റഥർഫോർഡ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. പ്രതി ജോലി ചെയ്തിരുന്ന പെട്രോൾ ബങ്കിലെത്തിയ സ്വദേശി ടിക്കറ്റ് സ്കാൻ ചെയ്ത് എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ, കുറഞ്ഞ തുകയാണ് അടിച്ചതെന്ന് പ്രതി പറഞ്ഞു. ശേഷം ആ തുക ഉപഭോക്താവിന് നൽകി ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായി ഡിറ്റക്ടീവ് സ്റ്റീവ് ക്രെയ്ഗ് അറിയിച്ചു.
പിന്നീട് ലോട്ടറി ഓഫിസിലെത്തിയ ഇയാൾ മില്യൺ ഡോളറിന്റെ സമ്മാനത്തിന് അവകാശവാദമുന്നയിക്കുകയായിരുന്നു. സംശയം തോന്നിയ ലോട്ടറി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് യാഥാർഥ്യം മനസ്സിലാക്കിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യഥാർഥത്തിൽ സമ്മാനം ലഭിച്ച വ്യക്തി ഈ വിവരം അറിയുന്നത് അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെടുമ്പോഴാണ്.