ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാൻ അനുമതി നൽകിയ മോദി സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ജീവനക്കാരെ പ്രത്യയശാസ്ത്രപരമായി രാഷ്ട്രീയവത്കരിക്കാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എഖ്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
1″947ൽ ഇതേ ദിവസമാണ് ഇന്ത്യ അതിൻ്റെ ത്രിവർണ പതാക സ്വീകരിച്ചത്. ആർ.എസ്.എസ് ത്രിവർണ പതാകയെ എതിർത്തു, സർദാർ ഇതിനെതിരെ ആർ.എസ്.എസിന് താക്കീതും നൽകിയിരുന്നു. ഗാന്ധിയുടെ മരണത്തിന് ശേഷം ഫെബ്രുവരി നാല് 1948ൽ പടേൽ ആർ.എസ്.എസിനെ നിരോധിച്ചു. 58 വർഷങ്ങൾക്ക് ശേഷം, 1966ൽ സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകുന്നതിന് നടപ്പാക്കിയ നിരോധനം മോദി സർക്കാർ പിൻവലിച്ചു.
കഴിഞ്ഞ 10 വർഷമായി എല്ലാ ഭരണഘടനാപരവും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ ബി.ജെ.പി ആർ.എസ്.എസിനെ ഉപയോഗിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കി സർക്കാർ ഓഫീസുകളിലെ ജീവനക്കാരെ പ്രത്യയശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് മോദിജി ആഗ്രഹിക്കുന്നത്. സർക്കാർ ഓഫീസുകളിലെ പൊതുപ്രവർത്തകരുടെ നിഷ്പക്ഷതയ്ക്കും ഭരണഘടനയുടെ പരമാധികാരത്തിനും എതിരെയുള്ള വെല്ലുവിളിയാണിത്. തെരഞ്ഞെടുപ്പിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ദുരുദ്ദ്യേശം പൊതുസമൂഹം പരാജയപ്പെടുത്തിയതുകൊണ്ടാകാം സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണഘടന മാറ്റാൻ കഴിയുന്നില്ലെങ്കിൽ ഇപ്പോൾ ആർ.എസ്.എസ് സർക്കാർ ഓഫീസുകൾ പിൻവാതിലിലൂടെ കൈയടക്കി ഭരണഘടനയെ അട്ടിമറിക്കും. രാഷ്ട്രീയ അജണ്ടകളില്ലാതെ ഭരണഘടനയ്ക്ക് അനുസൃതമായി ഒരു സാമൂഹിക സംഘടനയായി ആർ.എസ്.എസ് പ്രവർത്തിക്കുമെന്ന് സർദാർ പട്ടേലിന് ആർ.എസ്.എസ് നൽകിയ മാപ്പപേക്ഷയുടെയും ഉറപ്പിൻ്റെയും ലംഘനമാണിത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ പ്രതിപക്ഷത്തിന് സമരം തുടരേണ്ടിവരും”, ഖാർഗെ എക്സിൽ കുറിച്ചു.
വിലക്ക് നീക്കിയതിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ ഉത്തരവ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചായിരുന്നു ജയറാം രമേശിന്റെ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർ.എസ്.എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വർഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നത്. ഗാന്ധി വധത്തെ തുടർന്ന് 1948 ഫെബ്രുവരിയിൽ സർദാർ വല്ലഭായ് പട്ടേൽ ആർ.എസ്.എസിനു മേൽ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നൽകിയതോടെ നിരോധനം നീക്കി. ഇതിന് ശേഷവും നാഗ്പൂരിൽ ആർ.എസ്.എസ് പതാക പറത്തിയിട്ടില്ല. ബ്യൂറോക്രസിക്ക് ഇപ്പോൾ നിക്കറിലും വരാൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു.
1966ൽ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് ജൂലൈ ഒമ്പതിന് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവിലൂടെ പിൻവലിച്ചത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി ആദ്യം അധികാരത്തിൽ വന്നപ്പോഴും നരേന്ദ്ര മോദി രണ്ടുതവണ പ്രധാനമന്ത്രിയായപ്പോഴും നീക്കാതിരുന്ന വിലക്കാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർ.എസ്.എസും തമ്മിലുള്ള ബന്ധം വഷളായതോടെ ആർ.എസ്.എസിനെ അനുനയിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന വിമർശനം ശക്തമായിട്ടുണ്ട്.