മുംബൈ: ഏതാണ്ട് ഒരു മാസംമുമ്പാണ് മഹാരാഷ്ട്രയിലെ വിശാൽഗഡിനെ കൈയേറ്റരഹിത ഭൂമിയായി പ്രഖ്യാപിക്കാൻ മുൻ എം.പി സംഭാജി രാജേ ഛത്രപതി കാമ്പയിൻ തുടങ്ങിയത്. കാൽനടയായി തുടങ്ങിയ മാർച്ചിൽ നിരവധി തീവ്രവലതുപക്ഷ സംഘടനകൾ പങ്കെടുത്തു. സംഭാജി രാജെയും അനുയായികളും വിശാൽഗഡ് കോട്ടയിൽ എത്തുന്നതിന് മുമ്പ് തന്നെ സമീപ ഗ്രാമങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. കോട്ടയുടെ സമീപത്തുള്ള ഗജാപൂർ ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
ഗജാപൂർ ഗ്രാമത്തിലെ പള്ളിയടക്കമുള്ള കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണ് എന്നാണ് ആരോപണമുയർന്നത്. ജൂലൈ 14ന് വലിയൊരു സംഘം ഗജാപൂർ ഗ്രാമത്തിൽ പ്രവേശിച്ചു. കലാപകാരികൾ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൈയിൽ കിട്ടിയതെല്ലാം വീട്ടിനുള്ളിലാക്കി പൂട്ടിയിട്ട് ഗ്രാമീണർ അവിടെ നിന്ന് പലായനം ചെയ്തു. പിന്നീട് തിരിച്ചുവന്നപ്പോൾ തകർക്കപ്പെട്ട വീടുകളാണ് അവരെ വരവേറ്റത്. സ്വന്തം വീട് ഏതെന്ന് തിരിച്ചറിയാൻ പോലും ആ ഗ്രാമീണർക്ക് സാധിച്ചില്ല. രോഷാകുലരായ അക്രമിസംഘം വീടുകൾ പൂർണമായി നശിപ്പിക്കുകയും തീയിടുകയും ചെയ്തിരുന്നു.
നശിപ്പിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് രൂപയും ഗ്രാമവാസികൾ സൂക്ഷിച്ചിരുന്ന സ്വർണവും കലാപകാരികൾ കൊള്ളയടിച്ചു. പലരും ഭക്ഷ്യധാന്യങ്ങൾ ഇട്ടുവെക്കുന്ന പാത്രങ്ങളിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. മണിക്കൂറുകളോളം അവിടെ കലാപകാരികൾ അഴിഞ്ഞാടി. കാവി വസ്ത്രം ധരിച്ച അക്രമികളുടെ കൈയും മഴു, മുളവടികൾ എന്നിവയുമുണ്ടായിരുന്നു. കൂടുതലും മുസ്ലിംകളാണ് വിശാൽഗഡിലുണ്ടായിരുന്നത്. ചിലയിടങ്ങളിലെ അക്രമം വിഡിയോ ആയി ചിത്രീകരിക്കാനും കലാപകാരികൾ ശ്രമിച്ചു. തകർത്തവയുടെ കൂട്ടത്തിൽ പള്ളിയുമുണ്ടായിരുന്നു. അഞ്ച് യുവാക്കൾ പള്ളിയുടെ മിനാരത്തിൽ കയറി മഴു കൊണ്ട് വെട്ടിമുറിക്കുന്ന ദൃശ്യം വിഡിയോയിൽ കാണാം. 50 ഓളം വരുന്ന അക്രമിസംഘമാണ് പള്ളിയിലേക്ക് ഇരച്ചുകയറിയത്. അതിന്റെ ഓരോ ഭാഗവും അവർ തകർത്തു. ഒരു പ്രകോപനവുമില്ലാതെയാണ് കലാപം അഴിച്ചുവിട്ടതെന്ന് ഗ്രാമീണർ പറയുന്നു. സ്വന്തം കാര്യം നോക്കി സമാധാനപരമായി ജീവിച്ചുവരികയായിരുന്നു ഇവിടെ ഗ്രാമവാസികൾ. പെട്ടൊന്നൊരു ദിവസം കുറച്ചാളുകളെത്തി അക്രമം തുടങ്ങുകയായിരുന്നുവെന്ന് ഗ്രാമീണർ പറയുന്നു.
വിശാൽഗഡിലെ കൈയേറ്റത്തിനെതിരായ പ്രചാരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഗ്രാമവാസികൾ പറയുന്നു. കോട്ട വെട്ടിത്തെളിക്കാനുള്ള പ്രചാരണത്തിന് വർഷങ്ങൾ പഴക്കമുണ്ട്.കലാപകാരികൾ വാളും മഴുവും കൈവശം വച്ചിരുന്നുവെങ്കിലും പോലീസ് പിടികൂടിയില്ല. ജനക്കൂട്ടം കുറച്ച് പോലീസുകാരെയും ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു, ആരോപിക്കപ്പെടുന്ന വാളുകൊണ്ട് നടത്തിയ ആക്രമണത്തെത്തുടർന്ന് അവരിൽ ഒരാൾക്ക് തോളിൽ പരിക്കേറ്റു. തങ്ങൾ നേരിട്ടോ പിന്നീട് പല വീഡിയോകളിലും കണ്ട അക്രമികളിൽ ആരും തങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ളവരല്ലെന്നും ഗ്രാമവാസികൾ ദ വയറിനോട് പറഞ്ഞു.