തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി രണ്ടുദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നു എന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും തിരക്കുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ പി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ ആൾക്ക് ഈ ദുരനുഭവം ഉണ്ടായതിന്റെ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കും സർക്കാറിനും നിഷേധിക്കാനാവുമോ എന്നും സതീശൻ ചോദിച്ചു.
മാലിന്യ നിർമാർജനം പൂർണ്ണമായും നിലച്ച് കേരളം പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടിട്ടും ക്രിമിനലുകൾക്കും അക്രമികൾക്കും രക്തഹാരം അണിയിക്കുന്ന തിരക്കിലാണ് ആരോഗ്യമന്ത്രിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയിൽ കേരളം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്ന സംഭവങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് നടക്കുന്നത്. ഇത്തരമൊരു അലംഭാവം കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്നത് വസ്തുതയാണ്. പകർച്ചപ്പനി വ്യാപകമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടിക്രമങ്ങൾ ഇതുവരെയും ഉണ്ടായിട്ടില്ല. സ്വന്തം വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിൽ രാജിവച്ച് പുറത്തു പോകുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.