കോഴിക്കോട് : അട്ടപ്പാടിയിലെ ടി.എൽ.എ കേസിലുള്ള (അന്യാധീനപ്പെട്ട ആദിവാസി ഭൂമി കേസ് സ്വന്തം മണ്ണിൽ കൃഷിയിറക്കാനെത്തിയ ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചിയമ്മയെ തഹസിൽദാരും പൊലീസും ചേർന്ന് തടഞ്ഞു. അട്ടപ്പാടിയിലെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കണമെന്ന് നഞ്ചിയമ്മ തഹസിൽദാർ ഷാനവാസിനോട് ആവശ്യപ്പെട്ടു. കള്ളരേഖയുണ്ടാക്കിയവർക്ക് ഭൂമി വിട്ടു നൽകാനാവില്ലെന്നും അവർ പറഞ്ഞു.
തന്റെ കുടുംബഭൂമി കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. കള്ളരേഖയുണ്ടാക്കുന്നതിന് കൂട്ടുനിന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്. നാഗമൂപ്പനും കന്തസ്വാമിയും തമ്മിലാണ് ഭൂമിയുടെ പേരിൽ ടി.എൽ.എ കേസുള്ളത്. കെ.വി മാത്യുവിനും നിരപ്പത്ത് ജോസഫ് കുര്യനും ഈ ഭൂമിയിൽ അവകാശമില്ല. അവർ കള്ളരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതെന്നും നഞ്ചിയമ്മ പറഞ്ഞു.
റവന്യൂ വിജിലൻസ് വിഭാഗം നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അന്യാധീനപ്പെട്ട ഭൂമി വിട്ടുകിട്ടണമെന്ന് നഞ്ചിയമ്മ ആവശ്യപ്പെട്ടു. റവന്യു ഉദ്യോഗസ്ഥരാണ് ആദിവാസികളെ വഞ്ചിക്കുന്നതെന്നും നഞ്ചിയമ്മ തഹസിൽദാരോട് പറഞ്ഞു. നഞ്ചിയമ്മയുടെ ഭൂമി വിഷയത്തിൽ വെള്ളിയാഴ്ച ചർച്ച നടത്താമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതായി നഞ്ചിയമ്മ ‘മാധ്യമം ഓൺലൈനോ’ട് പറഞ്ഞു.
നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന് വാർത്ത നൽകിയത് ‘മാധ്യമം ഓൺലൈനാ’ണ്. ഭൂമി കൈമാറിക്കിട്ടിയ ആളിന് ഇവിടെ പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുമതി ലഭിച്ചുവെന്ന് നിരപ്പത്ത് ജോസഫ് കുര്യൻ ‘മാധ്യമ’ത്തെ അറിയിച്ചിരുന്നു. വാർത്തയെ തുടർന്നാണ് കെ.കെ രമ എം.എൽ.എ നിയമസഭയിൽ നഞ്ചിയമ്മയുടെ അടക്കം അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച് സബ് മിഷൻ അവതരിപ്പിച്ചത്.
സബ് മിഷന് മറുപടിയായി മന്ത്രി കെ. രാജൻ ഈ വിഷയത്തിൽ ലാൻഡ് റവന്യൂ അസി. കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് അന്വേഷണത്തിന് നിർദേശം നൽകി. അന്വേഷണത്തിൽ ടി.എൽ.എ കേസുള്ള ആദിവാസി ഭൂമിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ആളുകൾ തമ്മിൽ കരാറുണ്ടാക്കി, കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി സമ്പാദിച്ചുവെന്ന് കണ്ടെത്തി. ഇവർ ഹാജരാക്കിയ നികുതി അഗളി വില്ലേജിലെ നികുതി രസീത് വ്യാജമാണെന്നും വ്യക്തമായി.
നഞ്ചിയമ്മയുടെ ഭൂമിയുടെ ടി.എൽ.എ കേസ് കന്തസ്വാമിയും നഞ്ചിയമ്മയുടെ ഭർത്തൃപിതാവും തമ്മിലായിരുന്നു. ഇപ്പോൾ ഇരു കുടുംബങ്ങളുടെയും അവകാശികൾ തമ്മിലാണ് കേസ്. എന്നാൽ കെ.വി മാത്യു എന്നയാൾ വ്യാജ രേഖയുണ്ടാക്കി നികുതി അടച്ച് ഭൂമിക്ക് മേൽ അവകാശം ഉന്നിയിക്കുകയാണ്. കെ.വി മാത്യുവിൽ നിന്ന് 50 സെന്റ് ഭൂമി വാങ്ങിയ നിരപ്പത്ത് ജോസഫ് കുര്യനും ടി.എൽ.എ കേസിൽ കക്ഷി ചേർന്നു.
ആദിവാസി മഹാസഭയുടെ നേതൃത്വത്തിലാണ് നഞ്ചിയമ്മ ഭൂമിയിൽ കൃഷിയിറക്കാനെത്തിയത്. ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി അട്ടപ്പാടിയിലെ ആദിവാസികൾ നീതി നിഷേധിച്ചിട്ടെന്ന് മഹാസഭയുടെ നേതാവ് ടി.ആർ ചന്ദ്രൻ ‘മാധ്യമം ഓൺലൈനോ’ട് പറഞ്ഞു. 1975ലാണ് അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് കേരള നിയമസഭ നിയമം പാസാക്കിയത്. അന്യാധീനപ്പെട്ട ഒരു സെന്റ് ഭൂമി പോലും തിരിച്ചു പിടിച്ചു നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല.
ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തവർക്കെതിരെ 1989ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസ് എടുക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ശിപാർശ നൽകിയിട്ടും സർക്കാർ സംവിധാനം ഭൂമാഫിയ സംഘത്തെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ തന്റെ കുടുംബഭൂമിയിൽ കൃഷിയിറക്കുമെന്ന് നഞ്ചിയമ്മ തഹസിൽദാരോട് പറഞ്ഞു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ദ്രൗപദി മുർമുവിനും കത്തയച്ചിട്ടുണ്ട്.