മസ്കത്ത്: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികളുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. തൊഴിൽ മാർക്കറ്റിൽ ഒമാനികൾക്ക് ചെയ്യാൻ പറ്റിയ പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. പുതിയ ഉത്തരവ് നടപ്പാക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയും സ്വീകരിക്കും. തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖല കമ്പനികളും മറ്റ് ബന്ധപ്പെട്ട അധികൃതരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് അനുയോജ്യമായ ജോലികളിൽ പ്രവേശിക്കാനും പുതിയ നീക്കം സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സർക്കാർ നിർദേശിച്ച സ്വദേശിവത്കരണതോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി രാജ്യത്തിന്റെ ഭരണ യൂനിറ്റുകളും സർക്കാർ കമ്പനികളും ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ല. അതോടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും ആവശ്യമായ തൊഴിൽ നിലവാരം ഉണ്ടാക്കിയെന്നും സർക്കാർ ആവശ്യപ്പെട്ട സ്വദേശിവത്കരണ തോത് നടപ്പാക്കിയെന്നും കാണിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റും നേടിയിരിക്കണം.
അതോടൊപ്പം പുതിയ 30 ലധികം തൊഴിലുകളിൽ സ്വദേശികൾ അല്ലാത്തവരെ ജോലി ചെയ്യാനും അനുവദിക്കില്ല. എന്നാൽ, ഈ തസ്തികകൾ ഏതൊക്കെയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഒരു സ്വദേശിയെയെങ്കിലും ജോലിക്കുവെച്ചിരിക്കുകയും അവർക്ക് അനുയോജ്യമായ തൊഴിലുകൾ നൽകുകയും വേണം. സ്വദേശിവത്കരണ ശതമാനം വർധിപ്പിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജിനും മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവത്കരണ നിരക്ക് വർധിപ്പിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വർക്ക് പെർമിറ്റ് ഫീസുകൾ പുനരാലോചിക്കാനും തീരുമാനമുണ്ട്. സ്വദേശിവത്കരണവുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് ഫീസുകൾ ഇരട്ടിപ്പിക്കുകയും ചെയ്യും. തൊഴിൽ മാർക്കറ്റിലെ പുതിയ നിയമങ്ങൾ സ്വകാര്യ മേഖല സ്ഥാപനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ മന്ത്രാലയം അധികൃതർ പരിേശാധനകളും നടത്തും. ഇപ്പോൾ പുറത്തിറക്കിയ പുതിയ തീരുമാനങ്ങൾ അടുത്ത സെപ്റ്റംബർ മുതൽ നടപ്പിൽ വരുമെന്നും ബന്ധപ്പെട്ടവരെല്ലാം സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സർക്കാർ മേഖലയിലും ഒമാനിവത്കരണം ശക്തമാക്കാനുള്ള ഊർജിത ശ്രമങ്ങളുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ പൂർണമായി സ്വദേശിവത്കരിക്കാനാണ് അടുത്തിടെ എടുത്ത ഏറ്റവും പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും. തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം 2025 ജനുവരിയിൽ ആരംഭിച്ച് 2027 അവസാനംവരെ തുടരും. ഇതിനായി ഓരോ വർഷത്തേക്കും ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനവും കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31ശതമാനവുമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നത്.
വിവിധ നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും 2040ഓടെ ഈ മേഖലകളിലെ പ്രഫഷനൽ ജോലികൾ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20 ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ ഒമാനിവത്കരണ നിരക്ക് 2026 ഓടെ 50 മുതൽ നൂറ് ശതമാനംവരെയായിരിക്കും. റഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിൽ ഒമാനികൾക്ക് മാത്രമായി നേരത്തേ പ്രഖ്യാപിച്ചത് സെപ്റ്റംബർ മുതൽ നടപ്പാക്കും. ഇതിനുള്ള ശ്രമങ്ങളും ഊർജിതപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.