അബൂദബി: കെട്ടിടങ്ങളിൽ സ്മാർട്ട് സുരക്ഷ സംവിധാനം ഘടിപ്പിക്കാത്തവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
അഗ്നിരക്ഷ മാനദണ്ഡങ്ങൾക്കനുസൃതമായി പാലിക്കേണ്ട മുൻകരുതൽ സംവിധാനം കെട്ടിടങ്ങളിൽ സ്ഥാപിക്കാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുകയുമാണ് ചെയ്യുക.
2012ലെ കാബിനറ്റ് പ്രമേയം 24 ആണ് കെട്ടിടങ്ങളിൽ സ്ഥാപിക്കേണ്ട സ്മാർട്ട് സംവിധാനങ്ങളെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നത്. സ്മോക് ഡിറ്റക്ടറുകളും തീ കെടുത്താനുള്ള സംവിധാനങ്ങളും അടക്കമുള്ളവയാണ് ഇത്തരത്തിൽ ഘടിപ്പിക്കേണ്ടത്.
രാജ്യത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും അപായ സൈറണ്‍ മുതല്‍ എല്ലാവിധ അഗ്നിശമന ഉപകരണങ്ങളും നിര്‍ബന്ധമാണ്. മുമ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി നടത്തിയ സര്‍വേയില്‍ നിരവധി കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും പലവിധത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.
കേന്ദ്രീകൃത പാചകവാതക സംഭരണികളുടെ പരിസരങ്ങളിലെ ശുചിത്വമില്ലായ്മ, സിവില്‍ ഡിഫന്‍സിന്റെ അനുമതിയില്ലാതെ മുറികളിലും അടുക്കളകളിലും മേല്‍ക്കൂരകളിലും നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, അടിയന്തര രക്ഷാമാര്‍ഗങ്ങള്‍ അടച്ച് ഇടനാഴികളില്‍ ഉള്‍പ്പെടെ സാധന സാമഗ്രികള്‍ സൂക്ഷിക്കല്‍ തുടങ്ങിയ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.