തിരുവനന്തപുരം: സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി കൺസൽട്ടൻസിയെ തേടി ടെൻഡർ ക്ഷണിച്ചു. സ്മാർട്ട് മീറ്റർ സ്ഥാപിക്കലും തുടർന്നുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൺസൽട്ടൻസിയുടെ സേവനം പ്രയോജനപ്പെടുത്തും.
മൂന്നു ലക്ഷം സ്മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കാനാണ് ശ്രമം. സ്മാർട്ട് മീറ്റർ സ്ഥാപിക്കലും മീറ്റർ റീഡിങ്ങും തുക ശേഖരിക്കലും ഉൾപ്പെടെ കരാർ നൽകുന്ന കമ്പനികൾക്ക് കൈമാറുന്ന കേന്ദ്ര സർക്കാറിന്റെ ടോട്ടക്സ് (ടോട്ടൽ എക്സ്പെൻഡിച്ചർ) രീതിക്ക് പകരമാണ് സർക്കാർ നേരിട്ട് പണം മുടക്കുന്ന കാപെക്സ് (കാപിറ്റൽ എക്സ്പെൻഡിച്ചർ) നടപ്പാക്കുന്നത്. എന്നാൽ, കൺസൽട്ടൻസിയുടെ സേവനം ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇതിനായി നടപടികൾ ആരംഭിക്കുകയായിരുന്നു.
സ്മാർട്ട് മീറ്ററുകൾക്കും പദ്ധതിക്ക് ആവശ്യമായ ഇന്റർനെറ്റ്, ഐ.ടി, മറ്റ് അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കാനും പ്രത്യേകം ടെൻഡർ വിളിക്കും. 277 കോടിയോളം ചെലവുവരുന്ന പദ്ധതി കെ.എസ്.ഇ.ബി ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കുക. സിസ്റ്റം മീറ്റർ, ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ മീറ്റർ, സർക്കാർ-എച്ച്.ടി ഉപഭോക്താക്കളുടെ മീറ്റർ എന്നിവയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. ബില്ലിങ്, അനുബന്ധ സേവനം എന്നിവക്കുള്ള സോഫ്റ്റ്വെയർ കെ.എസ്.ഇ.ബി തയാറാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവരങ്ങൾ പൂർണമായി കെ.എസ്.ഇ.ബി ഡേറ്റ സെന്ററിൽ സൂക്ഷിക്കുമെന്ന ഉറപ്പും നൽകുന്നു.