വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പിന്തുണ ലഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചു. പാർട്ടിയുടെ ഔദ്യോഗിക നാമനിർദേശം ഉടൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കക്കാർക്ക് പൂർണ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് റിപ്പബ്ലികൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു. പ്രസ്താവനയുടെ പകർപ്പ് അവർ ‘എക്സി’ൽ പങ്കുവെച്ചു.
ഡെലവെയറിലെ വിൽമിങ്ടണിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേയാണ് കമല ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ട്രംപിന്റെ പ്രോജക്ട് 2025 എന്ന പ്രകടനപത്രിക രാജ്യത്തെ ഇടത്തരം കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കുമെന്നും കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും വൻ നികുതി ഇളവ് നൽകുകയും തൊഴിലാളി കുടുംബങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുകയും ചെയ്ത പാളിയ നയങ്ങൾ തിരികെ കൊണ്ടുവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് ഏഴിനാണ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജോ ബൈഡൻ പിന്മാറിയെങ്കിലും അദ്ദേഹത്തിന്റെ പ്രചാരക ടീംതന്നെയാണ് കമല ഹാരിസിനു വേണ്ടി പ്രവർത്തിക്കുന്നത്.