ഭോപാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച് ഭർതൃ വീട്ടുകാരുടെ കൊടുംക്രൂരത. നാല് മാസം ഗർഭിണിയായ യുവതിയുടെ കൈകളും കാലുകളും വെട്ടിമാറ്റിയ ശേഷം, നിശ്ചമായ ശരീരം ചുട്ടെരിക്കുകയായിരുന്നു. 23കാരിയായ റീന തൻവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭർത്താവ് മിഥുനും ഇയാളുടെ മാതാപിതാക്കളും ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
കാളിപീഠ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തൻഡിഖുർദ് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. അഞ്ച് വർഷം മുൻപ് വിവാഹിതയായ റീന, നിരന്തരം ഭർതൃ വീട്ടുകാരുടെ പീഡനത്തിന് ഇരയായിരുന്നു. റീന കൊല്ലപ്പെട്ട വിവരം ഗ്രാമവാസികൾ കഴിഞ്ഞ ദിവസം വീട്ടുകാരെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ വീട്ടുകാർക്ക് പാതികത്തിയ ശരീരം മാത്രമാണ് കാണാനായത്. മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.
റീനക്കും മിഥുനും ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമതും ഗർഭം ധരിച്ചിരിക്കെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. മിഥുന്റെ മാതാപിതാക്കൾ പണം ആവശ്യപ്പെട്ടുകൊണ്ട് തുടർച്ചയായി മകളെ ഉപദ്രവിച്ചിരുന്നെന്ന് റീനയുടെ പിതാവ് രാംപ്രസാദ് തൻവാർ പറഞ്ഞു. പലപ്പോഴായി പണം നൽകിയിട്ടും അവർ പീഡനം നിർത്തിയില്ല. ഇത്തവണ തങ്ങൾ എത്തിയപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നുവെന്നും രാംപ്രസാദ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.